Presidential Election 2022 Result: ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു. 2824 വോട്ടുകൾ നേടിയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുർമുവിന്റെ വിജയം. വോട്ട് മൂല്യം 6,76,803 ആണ്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ആകെ 1,877 വോട്ടുകളാണ് ലഭിച്ചത്. 3,80,177 ആണ് വോട്ട് മൂല്യം. തെരഞ്ഞെടുപ്പിൽ ആകെ 4754 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 53 വോട്ടുകൾ അസാധുവായി.
ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ തന്നെ വലിയ ഭൂരിപക്ഷത്തോടെ മുർമു വിജയമുറപ്പിച്ചിരുന്നു. ആദ്യ റൗണ്ടിൽ എണ്ണിയ എംപിമാരുടെ 748 വോട്ടുകളില്‍ (മൂല്യം 5,23,600) മുര്‍മു 540 എണ്ണം (മൂല്യം 3,78,000) നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 വോട്ട് (മൂല്യം 1,45,600) ലഭിച്ചു. 15 വോട്ട് അസാധുവായി. രണ്ടാം റൗണ്ടിൽ മുർമുവിന്റെ ആകെ വോട്ടുകൾ 1,349 ഉം സിൻഹയുടെ 537 ആയിരുന്നു. മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ 2,161 നേടി മുർമു കേവലഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. 1,058 വോട്ടുകളായിരുന്നു അപ്പോൾ സിൻഹയ്ക്ക് ഉണ്ടായിരുന്നത്.
പലയിടങ്ങളിലും ക്രോസ് വോട്ടിങ് നടന്നതായാണ് വിവരം. പല സംസ്ഥാനങ്ങളിലും പ്രീതിപക്ഷ എംഎൽഎമാർ മുർമുവിന് വോട്ട് ചെയ്‌തെന്ന സൂചനയാണ് ഫലം നൽകുന്നത്. കേരളത്തിൽ നിന്നും മുർമുവിന് ഒരു വോട്ട് ലഭിച്ചു. 140 അംഗ സഭയിൽ 139 വോട്ടുകൾ സിൻഹയ്ക്ക് പോയപ്പോൾ ഒരു വോട്ട് മുർമുവിന് ആണ് ലഭിച്ചത്.
വിജയത്തോടെ ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതിയായിരിക്കുകയാണ് ദ്രൗപദി മുർമു. 25നാണ് പുതിയ രാഷ്ട്രപതി അധികാരമേല്‍ക്കുക.
പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയില്‍ രാവിലെ പതിനൊന്നിനാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചത്. പിന്തുണയ്ക്കുന്ന പാർട്ടികളുടെ എണ്ണം വർധിച്ചതോടെ ദ്രൗപതി മുര്‍മുവിനു വ്യക്തമായ ലീഡ് ലഭിക്കുമെന്ന എൻ ഡി എയുടെ കണക്കുകൂട്ടൽ ശരിയാകുന്നതാണു ഓരോ ഘട്ടത്തിലും കണ്ടത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ബാലറ്റ് പെട്ടികള്‍ വോട്ടെണ്ണല്‍ മുറിയിലെത്തിക്കുകയായിരുന്നു.
37 കക്ഷികളുടെ പിന്തുണയ്ക്കുള്ള ദ്രൗപതി മുര്‍മു 6.67 ലക്ഷം വോട്ടുകള്‍ കിട്ടുമെന്നായിരുന്നു എന്‍ ഡി എയുടെ വിലയിരുത്തല്‍. അത്രയും എത്തിയിലെങ്കിലും ആറ് ലക്ഷത്തിലധികം വോട്ടുകൾ മുർമുവിന് ലഭിച്ചു. 33 കക്ഷികളുടെ പിന്തുണയാണു യശ്വന്ത് സിന്‍ഹയ്ക്കുണ്ടായിരുന്നത്. പതിമൂന്നിലേറെ പാര്‍ട്ടികള്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിരുന്നില്ല.
ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി ജെ പി നേതാവുമായ ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ ഡി എ തീരുമാനിച്ചത് പോലും വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമായിരുന്നു. ആദ്യം അമ്പത് ശതമാനത്തില്‍ അധികം വോട്ടാണു മുര്‍മുവിന് പ്രതീക്ഷിച്ചത്. ശിവസേന, ഝാര്‍ഖണ്ട് മുക്തിമോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി മുര്‍മുവിന് പിന്തുണ അറിയിച്ചതോടെ പ്രതീക്ഷിക്കുന്ന വോട്ട് അറുപത് ശതമാനത്തിനു മുകളിലെത്തി.
പാര്‍ലമെന്റ് ഹൗസിലും നിയമസഭകളിലുമായി 31 കേന്ദ്രങ്ങളില്‍ 18നാണു വോട്ടെടുപ്പ് നടന്നത്. 99 ശതമാനമാണു പോളിങ്. 771 എംപിമാരും 4,025 എംഎല്‍എമാരും ഉള്‍പ്പെടെ 4,796 പേരായിരുന്നു യോഗ്യരായ വോട്ടര്‍മാര്‍. പാര്‍ലമെന്റ് ഹൗസില്‍ 98.90 ശതമാനം പോളിങ് രേഖപ്പെടുത്തി. 727 എംപിമാരും ഒമ്പത് എം എല്‍ എമാരും അടങ്ങുന്ന 736 പേര്‍ക്കാണു പാര്‍ലമെന്റ് ഹൗസില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. ഇവരില്‍ 728 പേര്‍ (719 എംപിമാരും ഒമ്പത് എംഎല്‍എമാരും) വോട്ട് ചെയ്തു.
കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, സിക്കിം എന്നീ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 100 ശതമാനം വോട്ട് രേഖപ്പെടുത്തി. എംപി മാര്‍ക്ക് പച്ചയും എം.എല്‍.എ മാര്‍ക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നല്‍കിയത്.