മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു അംഗീകാരം. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ മഹാരാഷ്ട്ര നിയമസഭ മരവിപ്പിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്.
Raj Bhavan Press Release 12.11.2019 3.16 PM pic.twitter.com/qmlQA6ghBR
— Governor of Maharashtra (@maha_governor) November 12, 2019
ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി നല്കിയ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിക്കു കൈമാറുകയായിരുന്നു. അതിനു പിന്നാലെയാണ് രാഷ്ട്രപതി ശുപാര്‍ശയില്‍ ഒപ്പുവച്ചത്. ഭരണഘടനയുടെ 356-ാം അനുച്ഛേദ പ്രകാരമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ നല്‍കിയത്.
Read Also: ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീം കോടതിയില്‍; ഹാജരാകുക കപിൽ സിബൽ
അതേസമയം, ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ അധികം സമയം അനുവദിച്ചില്ല എന്നാണ് ശിവസേനയുടെ ആരോപണം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ കത്ത് ലഭിക്കാന്‍ മൂന്നു ദിവസത്തെ സമയം വേണമെന്നാണ് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് സേന സുപ്രീം കോടതിയെ സമീപിച്ചത്.
അടിസ്ഥാന നീതി തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ശിവസേന പറയുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് ശിവസേന കോടതിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലാണ് ശിവസേനയ്ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook