ന്യൂഡൽഹി: ആറ് മാസത്തിലേറെയായി അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരിൽ ഇനി രാഷ്ട്രപതി ഭരണം. ഗവർണർ ഭരണത്തിന്റെ കാലാവധി പൂർത്തിയായതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജമ്മു കാശ്മീരിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് നേരത്തെ, കോൺഗ്രസിന്റെ നേതൃത്വത്തിൽ നാഷണൽ കോൺഫറൻസും പിഡിപിയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. പിഡിപി നേതാവ് അൽത്താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനും ധാരണയായിരുന്നു. എന്നാൽ നിയമസഭ പിരിച്ചുവിട്ടുകൊണ്ട് ഗവർണർ ഈ നീക്കം പൊളിച്ചു.
സംസ്ഥാനത്ത് രാഷ്ട്രീയ കുതിരക്കച്ചവടത്തിനുളള സാഹചര്യമാണ് ഉണ്ടാകുന്നതെന്നാണ് ഇതിനെ വിമർശിച്ച ബിജെപി പറഞ്ഞത്.
സർക്കാരുണ്ടാക്കുമെന്നും അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് പത്രക്കുറിപ്പിൽ പറഞ്ഞത്. പിഡിപിക്ക് ബിജെപി നൽകി വന്ന പിന്തുണ പിൻവലിച്ചതോടെയാണ് സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയത്. എന്നാൽ സർക്കാരുണ്ടാക്കാൻ പലകുറി ഗവർണറെ വിളിച്ചുനോക്കിയെങ്കിലും അത് ഫലം കണ്ടില്ല. ഫാക്സ് മെഷീൻ പോലും പ്രവർത്തിക്കാത്ത സ്ഥിതിയുണ്ടായി. പിന്നാലെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ മെഹബൂബ മുഫ്തി പുറത്തുവിട്ടത്.
മൂന്ന് പാർട്ടികളും യോജിച്ചതോടെ സംസ്ഥാനത്ത് ഭരണകക്ഷിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനുളള അവസരമാണ് ഉണ്ടായത്. പിഡിപിയിൽ നിന്ന് ഒരു വിഭാഗത്തെ അടർത്തി സർക്കാരുണ്ടാക്കാനുളള ബിജെപിയുടെ ശ്രമമാണ് ഇതോടെ പാളിയത്. പക്ഷെ ഗവർണർ എതിർ നിലപാട് സ്വീകരിച്ചതോടെ ഈ നീക്കവും പൊളിഞ്ഞു. ഇനി തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംസ്ഥാനത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഭരിക്കുക.