ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തളളി. ദയാഹർജി ഇന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറിയിരുന്നു. ദയാഹർജി തളളണമെന്ന ശുപാർശയോടെയാണ് ദയാഹർജി നൽകിയത്. ഇതു ലഭിച്ച് മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്.

ജനുവരി 22 നാണ് നാലു പ്രതികളെയും തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ എന്നിവർ സമർപ്പിച്ച തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. ദയാഹർജി രാഷ്ട്രപതിയും തളളിയതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും.

Read Also: ജിസാറ്റ്-30 വിക്ഷേപണം വിജയം; പുതുവര്‍ഷത്തിലെ ആദ്യ ദൗത്യം

നേരത്തെ, പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ആശാ ദേവി രംഗത്തുവന്നിരുന്നു. ഡൽഹി കോടതി ഉത്തരവനുസരിച്ച് ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റമെന്ന് എഎൻഐയോട് സംസാരിക്കവേ അവർ ആവശ്യപ്പെട്ടിരുന്നു.

അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശർമ (26) എന്നിവർക്ക് ഡൽഹി പട്യാല ഹൗസ്‌ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 22 ന് രാവിലെ ഏഴിന് മണിക്ക് നാല് പ്രതികളെയും ഒരുമിച്ച് തൂക്കിക്കൊല്ലാനാണ് വാറണ്ടിൽ കോടതി ഉത്തരവിട്ടത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook