തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി എത്തുന്ന രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലം സംബന്ധിച്ച് ആശങ്ക. ഇക്കാര്യം വ്യക്തമാക്കി കലക്ടർക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകി. ചുരുങ്ങിയ സമത്തിനുള്ളിൽ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ സാധിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. തിങ്കളാഴ്ചയാണ് ശബരിമല ദർശനത്തിനായി രാഷ്ട്രപതി എത്തുന്നത്.
നേരത്തെ വി.വി.ഗിരി രാഷ്ട്രപതിയായിരുന്നപ്പോൾ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. അന്ന് ഉപയോഗിച്ച ഹെലിപ്പാഡ് തന്നെയാണ് ഇപ്പോഴുമുള്ളത്. ഇതിന്റെ ബലത്തിൽ ആശങ്കയുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
Also Read: ചന്ദ്രയാൻ-3 ന് കേന്ദ്രസർക്കാർ അനുമതി, 2021 ൽ വിക്ഷേപിച്ചേക്കും: ഐഎസ്ആർഒ ചെയർമാൻ
മണ്ഡലകാലമയതിനാൽ സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നതിലും പരിമിതിയുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ സുരക്ഷയൊരുക്കല്‍ പ്രായോഗികമാണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ പ്രധാന ആശങ്ക.
അതേസമയം സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യത ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാൻ സാധിച്ചില്ലെങ്കിൽ നിലയ്ക്കൽ വരെ ഹെലികോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. അവിടെ നിന്ന് ഡോളിയിലോ കാൽനടയിലോ ആയിരിക്കും സന്നിധാനത്ത് എത്തുക.