ന്യൂഡൽഹി: കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് മാപ്പ് നൽകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീകള്‍ക്കുനേരെയുളള ആക്രമണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നു. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും പാര്‍ലമെന്റ് ഇത് പരിശോധിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

”സ്ത്രീസുരക്ഷയെന്നതു ഗൗരവതരമായ വിഷയമാണ്. പോക്‌സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ബലാത്സംഗക്കുറ്റവാളികള്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവകാശമില്ല. ദയാഹര്‍ജികള്‍ പാര്‍ലമെന്റ് പുനഃപരിശോധിക്കണം,” രാഷ്ട്രപതി പറഞ്ഞു. രാജസ്ഥാനിലെ സിരോഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, നിര്‍ഭയ കേസില്‍ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി. വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാം പ്രതിയാണ് ദയാഹര്‍ജി നല്‍കിയത്.

Also Read: തെലുങ്കാന: സജ്ജനാറിന്റെ തോക്ക് ശിക്ഷ വിധിക്കുന്നത് ഇത് രണ്ടാം തവണ

ദയാഹർജിയിൽ നേരത്തെ രാഷ്ട്രപതി കേന്ദ്ര-ഡൽഹി സർക്കാരുകളോട് വിശദാംശങ്ങൾ തേടിയിരുന്നു. ദയാഹർജി തള്ളിക്കൊണ്ടുള്ള തീരുമാനമെടുത്ത ഡൽഹി സർക്കാരിന് പിന്നാലെ കേന്ദ്രവും സമാന നിലപാട് സ്വീകരിച്ചതോടെ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. നിലവിലെ സാഹചര്യത്തിൽ ദയാഹർജി തള്ളാനാണ് സാധ്യത.

Also Read: ഉന്നാവ് പെൺകുട്ടിയുടെ നില അതീവ ഗുരുതരം, രക്ഷപ്പെടാൻ നേരിയ സാധ്യതയെന്ന് റിപ്പോർട്ട്

അതേസമയം, ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇതിനിടെ നടന്ന ഏറ്റുമുട്ടലിനിടെയാണു കൊല്ലപ്പെട്ടതെന്നുമാണു പൊലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം.

തെളിവെടുപ്പിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ചതായാണു പൊലീസ് പറയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായെന്നാണു പൊലീസ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook