കൊച്ചി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. സേനയുടെ അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ച രാഷ്ട്രപതി രണ്ടുഘട്ട പരീക്ഷണങ്ങൾ പൂര്‍ത്തിയാക്കിയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ (ഐഎസി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
“സര്‍വ സൈന്യാധിപന്‍ ആദ്യമായാണ് ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചത്. കപ്പൽ കമ്മിഷൻ ചെയ്യുന്നതിനുള്ള പരീക്ഷണങ്ങളുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹത്തിന് നേരിട്ടു വിവരിച്ചു നല്‍കി,” അധികൃതര്‍ പറഞ്ഞു. ഐഎൻഎസ് വിക്രാന്തിന്റെ പുരോഗതിയിൽ രാഷ്ട്രപതി സംതൃപ്തി അറിയിച്ചു. നാവികസേനയുടെയും കൊച്ചിൻ ഷിപ്പ് യാർഡിന്റെയും കപ്പൽനിർമാണ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് ഐഎൻഎസ് വിക്രാന്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. നാവികസേനയുടെ കണക്കനുസരിച്ച് 19,341 കോടി രൂപയാണ് മൊത്തം ചെലവ്. ഇതിന്റെ 76 ശതമാനവും കപ്പൽ നിർമാണത്തിനായാണ് ഉപയോഗിക്കുന്നത്.
നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍ 40 മിനിറ്റോളം നീണ്ടുനിന്നു. കടൽത്തീര നിരീക്ഷണവും ആക്രമണവും ഉൾപ്പെടെയുള്ള കപ്പലുകളുടെയും വിമാനങ്ങളുടെയും യുദ്ധ ശേഷിയും പ്രദര്‍ശിപ്പിച്ചു. തീരത്ത് ബോംബിടൽ, ഹെലികോപ്റ്റർ നീക്കങ്ങൾ, സോണാർ ഡങ്ക് ഓപ്പറേഷനുകൾ, ബോർഡിങ് ഓപ്പറേഷനുകൾ, നാവിക ഹെലികോപ്റ്ററുകളുടെ കാർഗോ സ്ലിങ് ഓപ്പറേഷനുകൾ എന്നിവയും രാഷ്ട്രപതി വീക്ഷിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read: ഒമിക്രോണ്‍ ഭീഷണി: ഡല്‍ഹിയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്