തിരുവനന്തപുരം: സ്ഥാനമേറ്റ ശേഷം ആദ്യത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തി. അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അമൃതപുരിയിൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്.

തിരുവനന്തപുരം വ്യോമസേനയുടെ വിമാനത്താവളത്തില്‍ രാവിലെ 9.30 നാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഇദ്ദേഹത്തെ ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഹെലികോപ്റ്റർ മാർഗം കായംകുളത്തെ എന്‍ടിപിസി ഹെലിപ്പാടില്‍ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാർഗം യാത്ര തുടരും. രാവിലെ 11 മണിയ്ക്കാണ് അമൃതപുരിയിലെ ചടങ്ങുകള്‍. അമൃതാനന്ദമയി മഠം തുടക്കംകുറിയ്ക്കുന്ന പുതിയ മൂന്ന് ജീവകാരുണ്യ സംരംഭങ്ങളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നത്.

ഗവർണര്‍ പി.സദാശിവം, ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എംപി, ആര്‍.രാമചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

രാഷ്ട്രപതിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്. ഒരു മണിക്കൂര്‍ നീണ്ട നില്‍ക്കുന്ന പരിപാടിക്ക് ഒടുവില്‍ വ്യോമസേനാ ദിനാചരണത്തില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ഡൽഹിയിലേക്ക് തിരിച്ചു പോകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ