ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്തുവയിൽ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എത്ര ഭയാനകമായ ചിന്താഗതിയിലേക്കാണ് സമൂഹം നീങ്ങുന്നതെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വർഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുവെന്നത് രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇത്തരമൊരു പ്രവൃത്തി നടക്കുക എന്ന് കേള്‍ക്കുന്നത് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്. എന്ത് തരത്തിലുളള സമൂഹത്തിലേക്കാണ് നമ്മള്‍ വികസിക്കുന്നതെന്ന് ചിന്തിക്കേണ്ട കാര്യമാണ്. ഏതെങ്കിലും ഒരു പെണ്‍കുട്ടിക്കോ സ്ത്രീയ്‍ക്കോ ഇത്തരത്തിലുളള ക്രൂരത അനുഭവിക്കേണ്ടി വരില്ലെന്ന് നമ്മള്‍ ഉറപ്പുവരുത്തണം’, രാംനാഥ് കോവിന്ദ് പറഞ്ഞു. ജമ്മു കശ്മീരിലെ കത്രയില്‍ ശ്രീമാതാ വൈഷ്ണോ ദേവി സര്‍വ്വകലാശാലയുടെ ആറാം ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തുവ സംഭവം നടന്ന്​ മാസങ്ങൾക്ക്​ ശേഷമാണ്​ രാഷ്​ട്രപതിയിൽ നിന്ന്​ ഇതുസംബന്ധിച്ച പ്രതികരണം ഉണ്ടാവുന്നത്​. കത്തുവയിൽ പെൺകുട്ടി ബലാൽസംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട സംഭവം മാസങ്ങൾക്ക്​ ശേഷം രാജ്യത്ത്​ സജീവ ചർച്ചയാവുകയും അത്​ വൻ പ്രതിഷേധത്തിന്​ കാരണമാവുകയും ചെയ്​തതോടെയാണ്​ സംഭവത്തിൽ പ്രതികരണവുമായി രാഷ്​ട്രപതി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ