/indian-express-malayalam/media/media_files/uploads/2018/05/Ramnath.jpg)
ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പുവരുത്തുന്ന ബിൽ നിയമമായി. ഭരണഘടനയിൽ 103ാം ഭേദഗതിയായി ഇത് മാറി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിന് അംഗീകാരം നൽകിയതോടെയാണ് ഇത് നിയമമായത്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബില്‍. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയിൽ പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയിരുന്നു.
മുസ്‌ലിം ലീഗാണ് കേരളത്തിൽ നിന്നുളള കക്ഷികളിൽ ബില്ലിനെ എതിർത്തത്. സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുന്നയിച്ചത്.
കോൺഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചതോടെ 323 പേരുടെ പിന്തുണയോടെയാണ് ലോക്സഭയിൽ ഈ ബില്ല് പാസായത്. മൂന്നു പേർ മാത്രമാണ് ഇതിനെ എതിർത്തത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയെത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബില്ലിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.