ന്യൂഡല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. രാഷ്ട്രപതി ശബരിമലയിലെത്തിയാല്‍ നേരിട്ടേക്കാവുന്ന അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശബരിമല സന്ദര്‍ശനം ഒഴിവാക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്. രാഷ്ട്രപതിക്ക് ശബരിമലയിലെത്താന്‍ ഹെലിപാഡ് സൗകര്യം ഇല്ലാത്തതാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ പ്രധാന കാരണം.
ഈ മാസം ആറിന് ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി താജ് ഹോട്ടലിലാണ് താമസിക്കുക. പിറ്റേന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ഒൻപതിന് മടങ്ങി കൊച്ചിയിലെത്തുന്ന അദ്ദേഹം തുടർന്ന് ഡൽഹിയിലേക്കു പോകും.
Read Also: Horoscope Today January 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കാൻ പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കാൻ തീരുമാനിച്ച സ്ഥലം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കലക്ടർക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ദിവസമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ സാധിക്കുമോയെന്ന ആശങ്കയായിരുന്നു അധികൃതർക്ക്.
നേരത്തെ വി.വി.ഗിരി രാഷ്ട്രപതിയായിരുന്നപ്പോൾ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. അന്ന് ഉപയോഗിച്ച ഹെലിപ്പാഡ് തന്നെയാണ് ഇപ്പോഴുമുള്ളത്. ഇതിന്റെ ബലത്തിൽ ആശങ്കയുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മണ്ഡലകാലമയതിനാൽ സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നതിലും പരിമിതിയുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ സുരക്ഷയൊരുക്കല്‍ പ്രായോഗികമാണോ എന്ന കാര്യത്തിലും ആശങ്ക നിലനിന്നിരുന്നു.