ന്യൂഡൽഹി: രാജ്യസഭയിൽ കഴിഞ്ഞ ദിവസം പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാനാഥ് കോവിന്ദ് അംഗീകാരം നൽകി. രണ്ട് ദിവസം മുമ്പ് ലോക്സഭയിൽ പാസാക്കിയ ബില്ലിന് ഇന്ന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ മുസ്ലീം പുരുഷന്മാർ മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന മുത്തലാഖ് എന്ന നടപടി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി.
ബിജു ജനതാദൾ (ബിജെഡി) പിന്തുണ അറിയിച്ചതിനെത്തുടർന്ന് ബിൽ രാജ്യസഭയിൽ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 84 അംഗങ്ങളും വോട്ടുചെയ്തിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 84-നെതിരേ 100 വോട്ടിന് തള്ളിക്കളഞ്ഞാണ് ബില്‍ പാസാക്കിയത്. ഭരണപക്ഷത്തുള്ള ജെഡിയു, അണ്ണാ ഡിഎംകെ എന്നിവര്‍ മുത്തലാഖ് ബില്ലില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി. എങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ ശക്തമായി എതിര്‍ത്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
Read More: ലിംഗ നീതിയുടെ വിജയം, ചരിത്രപരമായ തെറ്റ് തിരുത്തപ്പെട്ടു’; മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി
ബില്ലിനെ എതിര്‍ത്തിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടി, ടിആര്‍എസ്, ടിഡിപി എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്. എതിര്‍പ്പുണ്ടായിരുന്ന ജെഡിയു, അണ്ണാ ഡിഎംകെ കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തില്ല. ഇതോടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി. സിവില്‍ കുറ്റമായിരുന്ന മുത്തലാഖ് ബില്‍ നിലവില്‍ വരുന്നതോടെ ക്രിമിനല്‍ കുറ്റമാകും.
Read More: മുത്തലാഖ് ബില്‍ 2014 മുതല്‍ മുസ്ലീങ്ങള്‍ നേരിടുന്ന അക്രമത്തിന്റെ തുടര്‍ച്ച: ഒവൈസി
മുത്തലാഖ് മൂലം കഷ്ടത അനുഭവിച്ച മുസ്ലീം വനിതകള്‍ക്ക് സല്യൂട്ട് ചെയ്യാനുള്ള അവസരമാണിതെന്നും സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അഭിമാനം നേടുന്നതിലും മുത്തലാഖ് നിരോധനം സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മുസ്ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തപ്പെട്ടെന്നും ലിംഗ നീതിയുടെ വിജയമാണിതെന്നും സമൂഹത്തില്‍ സമത്വം കൊണ്ടു വരുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മുത്തലാഖ് നിരോധന ബില്‍ പാസാക്കാന്‍ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കും നന്ദി പറയുന്നതായും മോദി ട്വീറ്റ് ചെയ്തു.
നേരത്തെ ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസാക്കിയത്. 303 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോയി. തൃണമൂല്‍, ജെഡിയു എംപിമാരും സഭ വിട്ടിറങ്ങി. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ്, മുസ്ലീം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.