ന്യൂഡൽഹി: പോക്സോ നിയമഭേദഗതിയിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. 12 വയസിൽ താഴെയുളള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസിലാണ് രാഷ്ട്രപതി ഒപ്പിട്ടത്. ഇതോടെ പ്രതികൾക്ക് വധശിക്ഷ വിധിക്കാൻ കോടതിക്ക് അധികാരമായി.

കൂട്ടമാനഭംഗ കേസിലെ പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ പോക്സോ നിയമത്തിൽ അതുണ്ടായിരുന്നില്ല. ഇപ്പോൾ പോക്സോ നിയമപ്രകാരം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവർക്കു പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. കുറഞ്ഞശിക്ഷ ഏഴുവർഷം തടവാണ്.

പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ ഇന്നലെയാണ് അനുമതി നൽകിയത്. രാജ്യത്ത് കുട്ടികൾക്കുനേരെ ലൈംഗിക പീഡനം വർധിച്ചതിനെ തുടർന്നായിരുന്നു കേന്ദ്രമന്ത്രിസഭാ തീരുമാനം.

പ്രതികാരമല്ല, തിരുത്തലാണ് വേണ്ടത്

സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവർക്കുളള ശിക്ഷ 7 വർഷത്തിൽനിന്ന് 10 വർഷമായി നിയമഭേദഗതിയിൽ ഉയർത്തി. ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. ബലാൽസംഗത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ പ്രായം 16 ൽ താഴെയാണെങ്കിൽ ശിക്ഷ പത്തിൽ നിന്ന് 20 വർഷം കഠിനതടവായി ഉയർത്തി. ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. 16 ൽ താഴെ പ്രായമുള്ള പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്താൽ ജീവിതാവസാനം വരെ കഠിനതടവാണു ശിക്ഷ. പെൺകുട്ടിയുടെ പ്രായം 12ൽ താഴെയാണെങ്കിൽ കുറഞ്ഞത് 20 വർഷം മുതൽ ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ ലഭിക്കാം.

പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ പാടില്ലെന്നും ഇത്തരം കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. കേസ് അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം. കേസിന്റെ വിചാരണയും 2 മാസനത്തിനകം പൂർത്തിയാക്കണമെന്നും ഓർഡിനൻസിലുണ്ട്.

ബലാൽസംഗ കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിലും ഓർഡിനൻസിൽ നിബന്ധനകളുണ്ട്. 16 വയസിൽ താഴെയുളള പെൺകുട്ടികളെ ബലാൽസംഗമോ കൂട്ടബലാൽസംഗമോ ചെയ്ത കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ