ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജി അഭിപ്രായപ്പെട്ടു. “ഇന്ത്യ വെറുമൊരു ഭൂമിശാസ്ത്രപരമായ സത്ത മാത്രമല്ല. അത് ആശയങ്ങളുടെയും, തത്വചിന്തയുടെയും, ധിഷണയുടെയും, വ്യവസായിക പ്രതിഭയുടെയും, വൈദഗ്ധ്യത്തിന്റെയും, നൂതനാശയങ്ങളുടെയും, അനുഭവസമ്പത്തിന്റെയും ചരിത്രവും പേറുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ ബഹുസ്വരതയുണ്ടായത് നൂറ്റാണ്ടുകളായുള്ള ആശയങ്ങളുടെ സ്വാംശീകരണത്തിലൂടെയാണ്. സംസ്‌കാരത്തിലെയും, വിശ്വാസത്തിലെയും, ഭാഷയിലെയും വൈവിധ്യമാണ് ഇന്ത്യയെ വിശേഷപ്പെട്ടതാക്കുന്നത്.

നാം നമ്മുടെ സഹിഷ്ണുതയില്‍ നിന്നാണ് കരുത്താര്‍ജ്ജിച്ചത്. അത് നൂറ്റാണ്ടുകളായുള്ള നമ്മുടെ പൊതുബോധത്തിന്റെ ഭാഗമായിരുന്നു. പൊതു സംവാദത്തില്‍ ഭിന്നമായ ഇഴകളുണ്ടാകാറുണ്ട്. നാം തര്‍ക്കിക്കുകയോ, യോജിപ്പിലെത്തുകയോ, ചിലപ്പോള്‍ പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ, നമുക്ക് അഭിപ്രായ വൈവിധ്യത്തിലുള്ള അത്യന്താപേക്ഷിതമായ കീഴ്‌വഴക്കത്തെ നിഷേധിക്കാനാവില്ല. അല്ലെങ്കില്‍, നമ്മുടെ ചിന്താ പ്രക്രിയയുടെ അടിസ്ഥാനപരമായ ഒരു വ്യക്തിത്വം കൊഴിഞ്ഞു പോകും.

അനുകമ്പയ്ക്കും സഹാനുഭൂതിക്കുമുള്ള വിശാലതയാണ് നമ്മുടെ സംസ്‌ക്കാരത്തിന്റെ യഥാര്‍ത്ഥ അടിത്തറ. എന്നാല്‍ എല്ലാദിവസവും നമ്മുടെ ചുറ്റും അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് നാം കാണുന്നത്. അന്ധകാരവും ഭയവും വിശ്വാസമില്ലായ്മയുമാണ് ഈ അക്രമണങ്ങള്‍ക്കുള്ളില്‍. നമ്മുടെ പൊതു സംവാദങ്ങളെ എല്ലാതരത്തിലുള്ള അക്രമങ്ങളില്‍ നിന്നും അത് ശാരീരികമായാലും, വാക്കാലുള്ളതായാലും ഒഴിവാക്കണം. ഒരു അക്രമരഹിതമായ സമൂഹത്തിന് മാത്രമേ എല്ലാ വിഭാഗം ജനങ്ങളെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പുറംതള്ളപ്പെട്ടവരെയും ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാക്കുന്നത് ഉറപ്പാക്കാന്‍ കഴിയുകയുള്ളു. അനുകമ്പയും സഹാനുഭൂതിയുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി അക്രമരാഹിത്യത്തിന്റെ ശക്തിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണം.

നമ്മെ സംബന്ധിച്ചിടത്തോളം എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്നത് ഒരു വിശ്വാസപ്രമാണമാണ്. നമ്മുടെ എല്ലാ ജനവിഭാഗങ്ങളും തുല്യതയോടെ ജീവിക്കുകയും സന്തുലിതമായി അവസരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യമായാണ് ഇന്ത്യയെ ഗാന്ധിജി വിവക്ഷിച്ചത്. എല്ലാക്കാലവും വിപുലപ്പെടുന്ന ചിന്തകളിലും പ്രവൃത്തികളിലും നമ്മുടെ ജനങ്ങള്‍ ഒന്നിച്ച് മുന്നേറണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. സാമ്പത്തികാശ്ലേഷണം എന്നതാണ് ഒരു സമത്വസമൂഹത്തിന്റെ കാതല്‍. പാവങ്ങളില്‍ പാവങ്ങളെ ശാക്തീകരിക്കുകയും നമ്മുടെ നയങ്ങളുടെ ഫലങ്ങള്‍ ആ വരിയിലെ അവസാന വ്യക്തിയില്‍ പോലും എത്തുന്നുവെന്ന് ഉറപ്പുവരുത്തുകയുമാണ് നാം ചെയ്യേണ്ടത്.

വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തന ശക്തിയിലൂടെയാണ് ഒരുസമൂഹത്തിന്റെ പുനഃക്രമീകരണം സാദ്ധ്യമാകും. അതിനായി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് നമുക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തടസ്സങ്ങളെ ഒരു മാനദണ്ഡമായി സ്വീകരിച്ചുകൊണ്ട്, ഈ തടസങ്ങളെ മറികടക്കാനും അതില്‍ നിന്ന് പുതിയവ സൃഷ്ടിച്ചെടുക്കാനും നമ്മുടെ വിദ്യാര്‍ത്ഥികളെ തയ്യാറാക്കേണ്ടതുണ്ട്. നമ്മുടെ സര്‍വകലാശാലകള്‍ വെറും കാണാപാഠം പഠിച്ച് അവ ഓര്‍ത്തുവയ്ക്കാനുള്ള സ്ഥലങ്ങളാകരുത്. മറിച്ച് അത് ഒരുപറ്റം ജീജ്ഞാസുക്കളായ മനസുകളുടെ സംയോജനകേന്ദ്രമാകണം. സൃഷ്ടിപരമായ ചിന്തകള്‍, നൂതനാശയങ്ങള്‍, ശാസ്ത്രീയ സംയോജനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളാകണം നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. ചര്‍ച്ചകള്‍, സംവാദങ്ങള്‍, വിശകലനങ്ങള്‍ എന്നിവയിലൂടെ യുക്തി പ്രയോഗിക്കുന്നതിനുള്ള ആഹ്വാനമാണ് ഇവിടങ്ങളില്‍ നിന്നുണ്ടാകേണ്ടത്. ഈ ഗുണങ്ങളെ പരിപോഷിപ്പിക്കുകയും മനസുകളുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം.

പ്രകൃതിയുടെ സംരക്ഷണം നമ്മുടെ നിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതി അതിന്റെ ഔദാര്യത്തില്‍ നമ്മോട് വളരെയധികം കരുണ കാട്ടിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തെ അത്യാഗ്രഹം മറികടക്കുമ്പോള്‍ പ്രകൃതിയും അതിന്റെ രൗദ്രഭാവം കാട്ടും. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ വിനാശകാരിയായ വെള്ളപ്പൊക്കത്തില്‍ മുങ്ങുമ്പോള്‍ ചില ഭാഗങ്ങള്‍ കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്നത് നമ്മള്‍ നിരന്തരം കാണാറുണ്ട്. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ വല്ലാത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

നമ്മുടെ മണ്ണിന്റെ സമ്പുഷ്ടി വീണ്ടെടുക്കാനും, ഭൂഗര്‍ഭജലവിതാനത്തിന്റെ അളവ് കുറയുന്നത് തടഞ്ഞുനിര്‍ത്താനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കാനും വേണ്ടി ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ദശലക്ഷക്കണക്കിന് വരുന്ന കര്‍ഷകരുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭാവിയില്‍ ഇനിയൊരു അവസരം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് നമുക്കെല്ലാം ഇപ്പോള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ