ന്യൂഡൽഹി: ജമ്മു കാശ്മീരിൽ പാക് ഭീകരോട് ഏറ്റുമുട്ടി മരിച്ച സൈനികന് മരണാനന്തര സൈനിക ബഹുമതി സമ്മാനിച്ച ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതുമ്പിക്കരഞ്ഞു. എയർ ഫോഴ്സിലെ ഗരുഡ് കമ്മാന്റോ ആയിരുന്ന കോർപറൽ ജ്യോതി പ്രകാശ് നിരാലയ്ക്ക് മരണാനന്തര ബഹുമതിയായി അശോക ചക്രം സമ്മാനിച്ച ചടങ്ങിലാണ് രാഷ്ട്രപതി കണ്ണീരണിഞ്ഞത്.

കഴിഞ്ഞ നവംബറിൽ കാശ്മീരിലെ ബന്ദിപോര ജില്ലയിൽ രണ്ട് ഭീകരരെ കൊലപ്പെടുത്തിയ ശേഷമാണ് ജ്യോതി പ്രകാശ് നിരാല മരണത്തിന് കീഴടങ്ങിയത്. റിപ്പബ്ലിക് ഡേ പരേഡിൽ ജ്യോതി പ്രകാശിന്റെ ഭാര്യ സുഷമാനന്ദിനും അമ്മ മാലതി ദേവിക്കും പുരസ്കാരം കൈമാറിയ ശേഷമാണ് രാഷ്ട്രപതി കരഞ്ഞത്.

ഇന്ത്യൻ എയർ ഫോഴ്സിന്റെ ഗരുഡ് സ്പെഷൽ ഫോഴ്സസ് യൂണിറ്റ് അംഗമായിരുന്നു ജ്യോതി പ്രകാശ് നിരാല. ഓപ്പറേഷൻ രക്ഷകിന്റെ ഭാഗമായി രാഷ്ട്രീയ റൈഫിൾസിനൊപ്പം ആയിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ബന്ദിപോരയിൽ ഭീകരരുടെ വെടിയേറ്റ് വീണശേഷവും ജ്യോതി പ്രകാശ് പോരാട്ടം അവസാനിപ്പിച്ചില്ല. ഇദ്ദേഹത്തിന്റെ വെടിയേറ്റ് രണ്ട് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ 69ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് സൈനികരെ ആദരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ