ന്യൂഡൽഹി: നവഭാരത നിർമ്മാണത്തിൽ നിർണ്ണായക വർഷമാണ് 2018 എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്തോടൊപ്പം ബില്ലുകൾ പാസാക്കുന്നതിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷത്തോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.

“മുത്തലാഖ് ബിൽ മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിന് സഹായിക്കുന്നതാണ്. മുദ്ര യോജന, ജൻധൻ യോജന, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികൾ രാജ്യത്തെ സാധാരണക്കാരുടെ പുരോഗതിക്ക് സഹായിച്ചു. ധനികരും പാവപ്പെട്ടവരും തമ്മിലുളള അന്തരം സർക്കാരിന്റെ ഇടപെടലിലൂടെ കുറഞ്ഞു. പാവപ്പെട്ടവർക്ക് ധനികരാകാനുളള അവസരങ്ങൾ കേന്ദ്രസർക്കാർ തുറന്നു”, രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം, ജലസേചനം, ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുളള പ്രവർത്തനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.

“എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷ പദ്ധതി വഴി കുറഞ്ഞ നിരക്കിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നുണ്ട്. 2022 നുളളിൽ കർഷകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കും. പൊതു സേവന കേന്ദ്രങ്ങൾ വഴി രാജ്യത്ത് ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. ഗ്രാമങ്ങളെ ഡിജിറ്റൽ ഇന്ത്യയുമായി ബന്ധിപ്പിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു. 2.5 ലക്ഷം പഞ്ചായത്തുകൾ ഇതിനോടകം പദ്ധതിയുടെ ഭാഗമായി”, രാഷ്ട്രപതി പറഞ്ഞു.

“എല്ലാവരെയും വികസനത്തിന്റെ ഭാഗമാക്കാനുളള പ്രവർത്തനങ്ങൾ നടക്കുകയാണ്. മുൻപ് 52 ശതമാനം വില്ലേജുകളിലാണ് റോഡുണ്ടായിരുന്നത്. ഇന്ന് 82 ശതമാനം വില്ലേജുകളിലും നഗരങ്ങളുമായി ബന്ധപ്പെടാൻ രോഡ് സൗകര്യം ഉണ്ട്.” 104 ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപണം ചെയ്ത് റെക്കോഡിട്ട ഐഎസ്ആർഒയെ പ്രകീർത്തിച്ച രാഷ്ട്രപതി അണ്ടർ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിനെ കുറിച്ചും പറഞ്ഞു.

“കുംഭമേളയെ അവർണ്ണനീയമായ സാംസ്കാരിക പൈതൃക പട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയത് അഭിമാനകരമാണ്. അഹമ്മദാബാദിനെ പൈതൃക നഗരമായും ചെന്നൈയെ സൃഷ്ടിപരതമായ നഗരമായും യുനെസ്കോ തിരഞ്ഞെടുത്തിട്ടുണ്ട്”, രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

“2019 ൽ മാഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ രാജ്യം സമ്പൂർണ്ണ ശുചിത്വം കൈവരിക്കണം. ഇത് ഓരോ വ്യക്തിയും സ്വന്തം കർത്തവ്യമായി നെഞ്ചിലേറ്റണം”, രാഷ്ട്രപതി ഓർമ്മിപ്പിച്ചു. “വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുളള സർക്കാർ പദ്ധതി കർഷകർക്ക് സഹായകരമായി. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്രസർക്കാർ ശക്തമായി ഇടപെടുന്നു. സൗഭാഗ്യ പദ്ധതി വഴി രാജ്യത്ത് നാല് കോടി വൈദ്യുതി കണക്ഷനുകൾ കൂടി നൽകി”, അദ്ദേഹം ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook