ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ അസമിലെ ദിബ്രുഗഡ് മുനിസിപ്പൽ പ്രദേശത്ത് പ്രാബല്യത്തിൽ വന്ന അനിശ്ചിതകാല കർഫ്യൂവിൽ വെള്ളിയാഴ്ച അഞ്ച് മണിക്കൂർ ഇളവ് നൽകി. ദിബ്രുഗഡിലെ കർഫ്യൂ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് നീക്കിയിരിക്കുന്നത്.

അതേസമയം നിയമത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്താണ് മഹുവ കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബഞ്ചാണു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന മഹുവയുടെ ആവശ്യം നിരസിച്ചത്. ഹര്‍ജി സുപ്രീംകോടതി രജിസ്ട്രാര്‍ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കാന്‍ ബഞ്ച് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ നാല് എംപിമാർ ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.

അതിനിടെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പിട്ടു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി. നിയമത്തിനെതിരെ അസമിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുകയാണ്. പൊലീസ് വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ട് റെയിൽവേ സ്റ്റേഷനുകളും ഒരു സർക്കാർ ഓഫീസും പൂർണമായും തകർന്നു. പ്രതിഷേധക്കാർ രണ്ട് ബിജെപി എംഎൽഎമാരുടെ വീടുകൾ അക്രമിച്ചു.

Read More: പൗരത്വ ഭേദഗതി നിയമം: അസമിൽ പ്രതിഷേധം രൂക്ഷം, പൊലീസ് വെടിവയ്‌പിൽ രണ്ടു മരണം

ബുധനാഴ്ചയാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭയിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേര്‍ വോട്ട് ചെയ്തപ്പോൾ 105 പേര്‍ എതിര്‍ത്തു. തിങ്കളാഴ്ച 80ന് എതിരേ 311 വോട്ടിനു ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്തദിനമെന്നാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

Read More: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. അസമിൽ പൊലീസിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെത്തുടർന്നാണ് വെടിയുതിർത്തത്. വെടിവയ്പ്പിൽ കൂടുതൽ ആളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റ 21 പേരിൽ ഒമ്പത് പേരെ ഗുവാഹട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധ പ്രക്ഷോഭങ്ങൾ ഇന്നലേയും സജീവമായിരുന്നു. നിരവധി പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്.

ഗുവാഹത്തിയിൽ ബുധനാഴ്ചവരെ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് 48 മണിക്കൂർ കൂടി നീട്ടി. ബുധനാഴ്ച രാത്രി 7 മുതലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ഗുവാഹത്തി പൊലീസ് കമ്മീഷണർ ദീപക് കുമാറിനെ മാറ്റി പകരം മുന്ന പ്രസാദ് ഗുപ്തയെ നിയമിച്ചു. മറ്റു ചില ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. വ്യാഴാഴ്ചയാണ് അദ്ദേഹം എത്തേണ്ടിയിരുന്നത്. ഡിസംബർ 12 മുതൽ 14 വരെയായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook