ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. ന്യൂഡല്‍ഹിയിലെ പാര്‍ലിമെന്റിലും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭയിലേക്കും തിങ്കളാഴ്ച തന്നെയാവും തിരഞ്ഞെടുപ്പ് നടക്കുക.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ച പേര് മുന്‍ ബിഹാര്‍ ഗവര്‍ണറും ബിജെപി ദളിത്‌ മോര്‍ച്ചയുടെ പ്രസിഡന്റുമായിരുന്ന രാം നാഥ് കൊവിന്ദിന്‍റെയാണ്. എന്‍ഡിഎ ഒരു ദളിത്‌ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ ചര്‍ച്ചയില്‍ മീരാ കുമാറിന്‍റെ പേര് മുന്നോട്ട് വരികയായിരുന്നു. മുന്‍ ലോക്സഭാ സ്പീക്കറായിരുന്ന മീരാകുമാര്‍ സ്വാതന്ത്ര്യസമരസേനാനിയും ദളിത്‌ നേതാവുമായിരുന്ന ജഗ്ജീവന്‍ റാമിന്‍റെ മകളാണ്.

നാളെ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രണ്ടു ദളിത്‌ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍. ഇത് ”ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്” എന്നായിരുന്നു ഈ മാസമാദ്യം നടത്തിയപത്രസമ്മേളനത്തില്‍ മീരാകുമാര്‍ പറഞ്ഞത്.

“ഒരു രാഷ്ട്രപതി ഒരിക്കലും ഒരു പാര്‍ട്ടിയുടെ ഭാഗമല്ല. ജാതി, മത, വര്‍ഗ ഭേദമന്യെ ജനങ്ങളെല്ലാവരും ഒന്നാണ്. എന്നെസംബന്ധിച്ച് വോട്ട് ബാങ്കല്ല, വികസനമാണ് പ്രധാനം. ” രാം നാഥ് കൊവിന്ദ് പറഞ്ഞു.

Read More : രാംനാഥ് കോവിന്ദ്; ജാതി സംവരണം ഹിന്ദുകള്‍ക്ക് മാത്രം മതിയെന്ന് വാദിച്ച ബിജെപി വക്താവ്

ലോക്സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലെ നിയമസഭകള്‍ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കിടയില്‍ സംയുക്തമായി നടത്തുന്ന തിരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.  ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് മൊത്തം ചെയ്യുന്ന വോട്ടിന്‍റെ 50%ത്തില്‍ കൂടുതല്‍ വോട്ടുലഭിക്കുമെങ്കില്‍ രാഷ്ടപതിയാകുവാന്‍ സാധിക്കും. വ്യാഴാഴ്ചയാവും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

തെലുങ്ക് ദേശം പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ലോക്ജനശക്തി പാര്‍ട്ടി, ശിവസേന തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ രാം നാഥ് കൊവിന്ദിനു പിന്തുണയറിയിച്ചിട്ടുണ്ട്. ജനതാദള്‍ യുണൈറ്റഡിന്‍റെ വോട്ടും കോവിന്ദിനായിരിക്കുമെന്ന് പാര്‍ട്ടി മുഖ്യന്‍ നിതീഷ് കുമാര്‍ സൂചിപ്പിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി എന്നീ കക്ഷികള്‍ മീരാകുമാറിനെ പിന്തുണയ്ക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും മീരാകുമാറിനെ പിന്തുണയ്ക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍.

എങ്കിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ ഗതി നിശ്ചയിക്കുക സമാജ്വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും മുലായം സിങ് യാദവും നേതൃത്വം നല്‍കുന്ന ചേരികള്‍ ആരെ പിന്തുണക്കും എന്നതാശ്രയിച്ചാവും.

Read More : രാംനാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം; രാഷ്ട്രീയമായി എതിരിടണമെന്ന് പിണറായി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ