ലക്നൗ : എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കൊവിന്ദ് എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളെ കണ്ടേക്കും എന്ന് സൂചന. ജൂണ്‍ 25നു ലക്നൗവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തുന്ന കൊവിന്ദ് അവിടെ വച്ചാകും സഖ്യകക്ഷികളുമായി കൂടികാഴ്ച നടത്തുന്നത്.
എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാം നാഥ് കോവിന്ദ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ എത്തുന്ന കാര്യം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് രാത്തോഡ് സ്ഥിതീകരിച്ചിട്ടുണ്ട്. ബിജെപി എംഎല്‍എമാര്‍, എന്‍ഡിഎ സഖ്യകക്ഷികള്‍, അപ്നാദള്‍, സുഹേല്ദോ ഭാരതീയ സമാജ് പാര്‍ട്ടി എന്നിവരെ യോഗത്തിനായി ക്ഷണിച്ചതായും അറിയുന്നു.
ബിജെപി, അപ്നാദള്‍ എന്നീ പാര്‍ട്ടികളുടെ ലോക്സഭ അംഗങ്ങളും ബിജെപിയുടെ രാജ്യസഭാംഗങ്ങളും യോഗത്തില്‍ പങ്കുചേരും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കോവിന്ദിനെ അനുഗമിക്കും.
വെള്ളിയാഴ്ചയാണ് കൊവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കവേ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ശേഷം ഇതാദ്യമായാണ് കോവിന്ദ് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്നത്.