ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചെറുമകനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധി, ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരാണ് പ്രതിപക്ഷത്തിന്‍റെ പരിഗണനയിലുള്ളത്. പ്രണബ് കുമാർ മുഖർജിയെ ഒരിക്കൽകൂടി പരിഗണിക്കണം എന്ന അഭിപ്രായവും ചില പാർട്ടികൾക്കുണ്ട്. ജൂലൈ അവസാനത്തോടെയായിരിക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു പകരം ജെഡിയു നേതാവ് ശരദ് യാദവ് പങ്കെടുക്കും. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ പ്രതിനിധി തുടങ്ങിയവരും യോഗത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ