കൊച്ചി: ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടല്‍യാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ടെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും വ്യാപാര പാതകള്‍ സുരക്ഷിതമാക്കുന്നതിലും ദുരന്ത സാഹായം എത്തിക്കുന്നതിലും നാവികസേനയുടെ പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം ദൗത്യ-സജ്ജവും പ്രതികരണ സജ്ജവുമായ ഒരു സേന എന്ന നിലയില്‍ ഇന്ത്യന്‍ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നമ്മുടെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യം നാവികസേനയെ ഉറ്റുനോക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും സമുദ്രമേഖലയിലെ പ്രവര്‍ത്തന ചലനാത്മകതയും മനസ്സിലാക്കി നാവികസേന സ്വയം നവീകരിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടല്‍യാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ 75 വര്‍ഷമായി, യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവികസേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സാമൂഹിക-സാമ്പത്തിക വളര്‍ച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. നമ്മുടെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകള്‍ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യന്‍ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയില്‍ രാജ്യം അഭിമാനിക്കുന്നു എന്നും രാഷ്ട്രപതി പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തിയത്. പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം, ദ്രൗപദി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണ്. 17ന് രാവിലെ 9.30ന് ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാര്‍ച്ച് 18ന് രാവിലെ കന്യാകുമാരി സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേയ്ക്ക് പോകും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും.