വാഷിങ്‌ടൺ: കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ട്രംപ് അറിയിച്ചു. നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ട്രംപിന് ഇപ്പോൾ ഉള്ളൂ. ഏതാനും ദിവസങ്ങൾ ട്രംപ് ഇനി ആശുപത്രിയിലായിരിക്കും. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. കറുത്ത മാസ്‌ക് ധരിച്ച് സാധാരണ വേഷത്തിലാണ് ട്രംപ് ആശുപത്രിയിലേക്ക് തിരിച്ചത്. ട്രംപിന് ചെറിയ പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളുമാണ് ഇപ്പോൾ ഉള്ളത്.

ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ ട്രംപും മെലാനിയയും ക്വാറന്റൈനിൽ പോയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ട്രംപിന്റെയും ഭാര്യയുടെയും ഫലം പോസിറ്റീവായത്.

എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ്‌ ഹോപ് ഹിക്‌സിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. മഹാമാരി കൈകാര്യം ചെയ്തതിൽ ട്രംപ് കടുത്ത വിമർശനത്തിന് വിധേയനായിരുന്നു. എഴുപത് ലക്ഷത്തിലധികം രോഗികളും 200,000 മരണങ്ങളുമായി കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് അമേരിക്ക.

Read more: അതീവ ക്ഷീണിതൻ, ഓടാൻ വയ്യ; പാടുപെട്ട് ധോണി, ആരാധകർ നിരാശയിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook