ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരിയേയും ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്നയേയും സുപ്രികോടതി ജഡ്ജിമാരായി ഉയര്‍ത്തിയുളള നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദജോഗിനെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ഡിസംബര്‍ 12ലെ തീരുമാനം കൊളീജിയം അസാധാരണ നീക്കത്തിലൂടെ കഴിഞ്ഞ ആഴ്ച പിൻവലിച്ചിരുന്നു.
ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിമാരും വിരമിച്ച ജഡ്ജിമാരുമൊക്കെ രംഗത്തെത്തി. 32 ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്നാണ് ദില്ലി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്നയെ നിയമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ജസ്റ്റിസ് എസ്കെ കൗൾ വിമര്‍ശിച്ചു.
ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രികോടതി ജഡ്ജിമാരായി ഉയര്‍ത്തിയുളള തീരുമാനത്തിനെതിരെ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ രംഗത്തെത്തി. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഇത്രയും ജൂനിയറായ ജഡ്ജിമാര്‍ക്ക് സുപ്രിംകോടതിയില്‍ നിയമനം നല്‍കിയത് ആശ്ചര്യമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ‘നേരത്തേയുളള തീരുമാനം എന്തിനാണ് തകിടം മറിച്ചതെന്ന് കൊളീജിയം വ്യക്തമാക്കണം. നിങ്ങളുടെ തീരുമാനങ്ങളില്‍ തീര്‍ച്ചയായും സുതാര്യത വേണം. ഒരൊറ്റ ആള്‍ എടുക്കേണ്ട തീരുമാനം അല്ല ഇത്. ഒരു ജൂനിയര്‍ ജഡ്ജിയെ ആണ് സുപ്രിംകോടതിയിലേക്ക് ഉയര്‍ത്തുന്നത്. വളരെ ആശ്ചര്യപ്പെടുത്തുന്നതാണിത്,’ ജസ്റ്റിസ് ലോധ പറഞ്ഞു.