ന്യൂഡൽഹി: മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. ഇതിന് മുൻപ് അനുമതി നൽകിയത് അപകടമാണെന്ന് ശശി തരൂർ പറഞ്ഞു. അതേസമയം ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവിഷീല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തരൂർ ആശങ്ക പങ്കുവച്ചത്.
The Covaxin has not yet had Phase 3 trials. Approval was premature and could be dangerous. @drharshvardhan should please clarify. Its use should be avoided till full trials are over. India can start with the AstraZeneca vaccine in the meantime. https://t.co/H7Gis9UTQb
— Shashi Tharoor (@ShashiTharoor) January 3, 2021
“തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഹര്ഷവര്ധന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം,” തരൂര്‍ ട്വീറ്റ് ചെയ്തു.
Read More: ഇന്ത്യയില്‍ രണ്ട് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി
ഉപാധികളോടെയാണ് കൊവിഷീല്‍ഡിനും കൊവാക്സിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡ്രഗ്സ് കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്.
ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനും അടിയന്തിരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഞായറാഴ്ചയാണ് അനുമതി നൽകിയത്.
“വേണ്ടത്ര പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ സിഡിഎസ്സിഒ തീരുമാനിച്ചു, അതനുസരിച്ച്, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും വാക്സിനുകൾ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി അംഗീകരിക്കുകയും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് കാഡിലയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു,” മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഡിസിജിഐ പറഞ്ഞു.
ജനുവരി ഒന്നിന്, കോവിഷീൽഡ് അടിയന്തിര ഉപയോഗത്തിനായി ശുപാർശ ചെയ്തിരുന്നു. ജനുവരി രണ്ടിന് നിയന്ത്രിത ഉപയോഗത്തിനായി കോവാക്സിനും ശുപാർശ ചെയ്തു.
രണ്ട് കമ്പനികളും തങ്ങളുടെ ട്രയൽ റൺസിന്റെ ഡാറ്റ സമർപ്പിച്ചതായും “നിയന്ത്രിത ഉപയോഗത്തിന്” അനുമതി നൽകിയിട്ടുണ്ടെന്നും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിജി സോമാനി പറഞ്ഞു. “ചെറിയ തോതിലെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. വാക്സിനുകൾ 110% സുരക്ഷിതമാണ്. നേരിയ പനി, വേദന, അലർജി തുടങ്ങിയ ചില പാർശ്വഫലങ്ങൾ എല്ലാ വാക്സിനും സാധാരണമാണ്,” വാക്സിനുകൾ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി സോമാനി പറഞ്ഞു.