മുംബൈ: ബോളിവുഡിലെ താരറാണിമാരിലൊരാളും ഐപിഎൽ ടീമായ കിങ്സ് ഇലവൻ പഞ്ചാബ് ഉടമയുമായ നടി പ്രീതി സിന്റ, മുൻ കാമുകൻ നെസ്‌ വാദിയക്കെതിരെ നൽകിയ കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കി. കോടതിക്ക് പുറത്ത് ഇരുവരും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് നടപടി.

കേസ് ഒത്തുതീർക്കാൻ കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ഡാംഗ്രെ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇരുവർക്കും നിർദ്ദേശം നൽകിയിരുന്നു.

വാദിയ മാപ്പുപറയാൻ തയ്യാറാണെങ്കിൽ കേസ് പിൻവലിക്കാമെന്നായിരുന്നു പ്രീതി സിന്റയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞത്. എന്നാൽ ഇത് സാധ്യമല്ലെന്ന് വാദിയക്ക് വേണ്ടി അഭിഭാഷകൻ കോടതിയെ നിലപാടറിയിച്ചു. ഇതോടെ  കോടതി ഇരുവരോടും പിടിവാശി അവസാനിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

നാല് വർഷം മുൻപ് ഐപിഎൽ മത്സരത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. വാദിയയും കിങ്സ് ഇലവൻ പഞ്ചാബിന്റെ ഉടമയാണ്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ടിക്കറ്റ് വിതരണം സംബന്ധിച്ച് തർക്കമുണ്ടായി. ഈ സമയത്ത് വാദിയയോട് ശാന്തനാകാൻ താൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ വാദിയ തന്റെ കൈയ്യിൽ കയറിപ്പിടിച്ചുവെന്നുമാണ് പ്രീതി സിന്റ ആരോപിച്ചത്.

ഈ പിടിത്തത്തിൽ കൈക്ക് മുറിവേറ്റെന്നും പ്രീതി വാദിച്ചു. ഇതിന് തെളിവായി ചിത്രങ്ങളും സമർപ്പിച്ചു.  എട്ട് മാസം മുൻപാണ് കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റം നിഷേധിച്ച വാദിയ, വ്യക്തിവിരോധവും തെറ്റിദ്ധാരണയും മൂലമാണ് തനിക്കെതിരെ പ്രീതി സിന്റ പരാതിപ്പെട്ടതെന്ന് വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദം മുഖവിലയ്ക്ക് എടുത്ത കോടതി കേസ് ഒത്തുതീർക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ