ജോധ്പൂർ: കൃഷ്ണ മൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കാണാന്‍ ഉറ്റസുഹൃത്തും നടിയുമായ പ്രീതി സിന്റ എത്തി. സല്‍മാനുമായി രണ്ട് ദശാബ്ദക്കാലമായി നല്ല ബന്ധമാണ് പ്രീതി സിന്റ കാത്തുസൂക്ഷിക്കുന്നത്. ജോധ്പുരി വിമാനത്താവളത്തിലെത്തിയ പ്രീതി സിന്റ കാര്‍ മാര്‍ഗമാണ് ജയിലിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന നടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാമറകളില്‍ നിന്നും രക്ഷപ്പെടാനായി വലിയൊരു വെളുത്ത തൊപ്പി അണിഞ്ഞ് താഴേക്ക് മാത്രം നോക്കിയാണ് പ്രീതി കാറിലേക്ക് കയറിയത്.
സൽമാൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ജോധ്പൂരിലെ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്നു രാത്രിയും സൽമാൻ ജയിലിൽ കഴിയേണ്ടി വരും.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സൽമാൻ ഖാൻ കോടതിയിൽ ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് സൽമാനെ കോടതിയിൽ കൊണ്ടുവരാതിരുന്നത്. സൽമാന്റെ സഹോദരിമാരായ അർപ്പിതയും അൽവിറയും കോടതിയിൽ എത്തിയിരുന്നു.
കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാന് 5 വർഷത്തെ തടവ് ശിക്ഷയാണ് ജോധ്പൂരിലെ വിചാരണ കോടതി വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചു. കേസിലെ കൂട്ടു പ്രതികളായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബിന്ദ്ര, നീലെ അടക്കമുളള 6 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. 20 വർഷത്തിനുശേഷമാണ് കേസിൽ വിധി പറഞ്ഞത്. ഇതിനുപിന്നാലെ സൽമാനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
മാൻവേട്ടയുമായി ബന്ധപ്പെട്ട് 3 കേസുകളാണ് സൽമാൻ ഖാനെതിരെ ഉണ്ടായിരുന്നത്. ഇതിൽ 32 കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കി. ഒരു കേസിൽ 2006 ലും 2007 ലും സൽമാൻ ഖാൻ ഏതാനും ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോൾ സൽമാൻ ഖാനെ 5 വർഷം തടവിന് വിധിച്ചത്.
1998 ഒക്ടോബർ രണ്ടിനാണ് മൂന്നാമത്തെ കേസിനാസ്‌പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. സംഭവ സമയത്ത് മറ്റു താരങ്ങളും സൽമാനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.