ന്യൂഡല്‍ഹി: അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവരുടെ രാജി പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്വീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരായ സൗരഭ് ഭരദ്വാജിനെയും അതിഷി മര്‍ലേനയെയും മന്ത്രിമാരായി രാഷ്ട്രപതി നിയമിച്ചു.
മനീഷ് സിസോദിയയുടെ രാജി ഡല്‍ഹി മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ അംഗീകരിക്കുന്നതായി രാഷ്ട്രപതി ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. സത്യേന്ദ്ര ജെയിനുമായി ബന്ധപ്പെട്ട് സമാനമായ വിജ്ഞാപനം പുറപ്പെടുവിച്ചു. 2021-22 ലെ ഡല്‍ഹി മദ്യനയം അല്ലെങ്കില്‍ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവില്‍ മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സതേന്ദ്ര ജെയിനെ 2022 മേയ് 30 ന് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 2013 മുതല്‍ എഎപിയുടെ എംഎല്‍എയാണ് ഭരദ്വാജ്, നിലവില്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ്. 2013ലെ കേജ്‌രിവാൾ സര്‍ക്കാരിലെ മന്ത്രിയായിരുന്നു അദ്ദേഹം. 2020 മുതല്‍ എഎപിയുടെ എംഎല്‍എയാണ് അതിഷി മര്‍ലീന.