കൊൽക്കത്ത: വെസ്റ്റ് ബംഗാളിൽ ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു. നാല് മാസം ഗർഭിണിയായ യുവതിയാണ് അസൻസോളിലെ വ്യാവസായിക മേഖലയിലെ വീട്ടിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്.

ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഓട്ടോമൊബൈൽ മെക്കാനിക്കായ ഭർത്താവ് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു 28കാരിയായ യുവതി. വാതിലിൽ മുട്ട് കേട്ട് ഭർത്താവാണെന്ന് കരുതിയാണ് ഇവർ തുറന്നത്. എന്നാൽ പ്രദേശവാസിയായ കുൽദീപ് സിങും മറ്റ് രണ്ട് പേരുമായിരുന്നു വാതിലിൽ മുട്ടിയത്. ഇവർ വീട്ടിനകത്തേക്ക് കടക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

ഭർത്താവ് തിരികെ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യയെയാണ് കണ്ടെത്തിയത്.

കൂട്ടബലാത്സംഗം കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. തന്നെ ആക്രമിച്ചവരിലൊരാൾ കുൽദീപ് സിങാണെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ ആരൊക്കെയാണെന്ന് യുവതിക്ക് അറിയില്ലെന്നാണ് പൊലീസ് പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതി കോടതിയിൽ രഹസ്യമൊഴി നൽകി. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് ബംഗാൾ. 2014 ൽ 11.31 ശതമാനമായിരുന്നു കുറ്റകൃത്യത്തിന്റെ നിരക്ക്. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുളള കുറ്റകൃത്യത്തിലാണ് 11.31 ശതമാനം ബംഗാളിലേതായി വന്നത്. 2015 ൽ ഇത് 10.11 ആയും 2016 ൽ 9.6 ശതമാനമായും കുറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook