ന്യൂഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയയെ ഭർത്താവും വീട്ടുകാരും ചേർന്ന് കാലിത്തൊഴുത്തിൽ കെട്ടിയിട്ടു. യുവതിയെ പൊലീസെത്തി രക്ഷിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളെയും ഭർതൃ സഹോദരനെയും അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

ശനിയാഴ്‌ച രാത്രി 8 മണിയോടെയാണ് യുവതിയെ കണ്ടെത്തിയത്. നോയിഡയിലെ ചലേറ വില്ലേജിലെ ഭർതൃവീട്ടിലെ കാലിത്തൊഴുത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു യുവതിയെന്ന് പൊലീസ് ഓഫിസർ അനിൽ കുമാർ സാഹി പറഞ്ഞു.

കൈലാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. യുവതിയെ ആശുപത്രിയിൽ കൊണ്ടുവരുന്പോൾ അവർ ഡിപ്രഷനിലായിരുന്നുവെന്നും ഇപ്പോൾ അവർ സ്റ്റേബിളാണെന്നും ആശുപത്രി സീനിയർ മാനേജർ വി.ബി.ജോഷി പറഞ്ഞു.

ജൂൺ ഒന്നിന് യുവതിയുടെ പിതാവാണ് നോയിഡ സെക്‌ടർ 39 പൊലീസ് സ്റ്റേഷനിൽ അഞ്ചു മാസം ഗർഭിണിയായ മകളെ മെയ് 31 രാത്രി മുതൽ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ മകളെ ഉപദ്രവിക്കുകയാണെന്നും പരാതിയിലുണ്ടായിരുന്നു.

”2017 ഡിസംബറിലാണ് മകൾ വിവാഹിതയായത്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഭർതൃ വീട്ടുകാർ ഉപദ്രവം തുടങ്ങി. പരാതി നൽകുന്നതിനു തൊട്ടു മുൻപ് മകളുടെ ഭർതൃ പിതാവ് രാത്രി ഏഴിന് എന്നോ ഫോണിൽ വിളിച്ചു. മകളും ഭർത്താവും വഴക്കിടുകയാണെന്നും എന്നോട് അവിടേക്ക് പോകാനും ആവശ്യപ്പെട്ടു. ആ സമയത്ത് എനിക്ക് അവിടെ വരാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. ഫോണിലൂടെ മകളോട് സംസാരിച്ചു. അന്നു രാത്രി തന്നെ എനിക്ക് വീണ്ടും ഫോൺകോൾ വന്നു. രാത്രി 8 മുതൽ മകളെ കാണാനില്ലെന്ന് പറഞ്ഞു. ഞാൻ കുറച്ച് ആളുകളെയും കൂട്ടി അവിടെ പോയി സമീപ പ്രദേശത്തൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല”, പിതാവിന്റെ പരാതിയിൽ പറയുന്നു.

”വിവാഹ സമയത്ത് 15.5 ലക്ഷം രൂപയും ഒരു ഫ്രിഡ്ജും വാഷിങ് മെഷീനും വരന്റെ വീട്ടുകാർക്ക് നൽകി. വിവാഹം കഴിഞ്ഞപ്പോൾ ടൊയോട്ട ഫോർചുണർ കാർ വാങ്ങുന്നതിനായി കുറച്ചു കൂടി പണം വേണമെന്നു പറഞ്ഞു. 20 ലക്ഷം രൂപ നൽകി. പിന്നീട് വിവാഹ സമയത്ത് നൽകിയ ഫ്രിഡ്ജ് മടക്കി നൽകിയിട്ട് വലിയൊരു ഫ്രിഡ്ജ് വേണമെന്നു പറഞ്ഞു. പിന്നീട് ഡബിൾ ഡോറിന്റെ ഫ്രിഡ്ജ് വാങ്ങിക്കൊടുത്തു”, പരാതിയിൽ പിതാവ് ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ