ബിജിങ്: സൂപ്പിൽ ചത്ത എലി കിട്ടിയെന്ന് പരാതിപ്പെട്ട ഗർഭിണിയോട് ഗർഭച്ഛിദ്രം നടത്താൻ പണം നൽകാമെന്ന് പറഞ്ഞ റസ്റ്ററന്റിനെതിരെ നടപടി. യുവതിയുടെ പരാതിയിൽ ചൈനയിലെ പ്രശസ്ത ഭക്ഷ്യ ശൃംഖലയായ ചിയാബു ചിയാബുവിന്റെ ഒരു റസ്റ്ററന്റ് അധികൃതർ പൂട്ടിച്ചു.
സെപ്റ്റംബർ ആറിന് ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവതി. ജീവനക്കാർ നൽകിയ സൂപ്പ് ഇളക്കിയപ്പോഴാണ് ചത്ത എലിയെ കണ്ടത്. ഈ വിവരം യുവതിയുടെ ഭർത്താവ് ജീവനക്കാരോട് പറയുകയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് അസ്വസ്ഥനാവുകയും ചെയ്തു. അപ്പോഴാണ് സൂപ്പ് മൂലം കുഞ്ഞിന്റെ ആരോഗ്യം ബാധിച്ചിട്ടുണ്ടെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ പണം നൽകാമെന്ന് റസ്റ്ററന്റ് പറഞ്ഞതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
3000 ഡോളറാണ് (2 ലക്ഷത്തിലധികം) റസ്റ്ററന്ര് വാഗ്ദാനം ചെയ്തതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. നഷ്ടപരിഹാരമായി 728 ഡോളറും നൽകാമെന്ന് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ ആരോഗ്യ വകുപ്പ് അധികൃതർ റസ്റ്ററന്റിലെത്തി പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തിയതോടെ റസ്റ്ററന്റ് അടയ്ക്കാൻ ഉത്തരവ് നൽകി. ചൈനയിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയാണ് ചിയാബു ചിയാബു. ചൈനയിലുടനീളമായി 759 റസ്റ്ററന്റുകളാണ് ഇവർക്കുളളത്.