റായഗഡ: ആംബുലൻസില്ലാത്തതിനാൽ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടി വന്ന നിരവധി സംഭവങ്ങൾ രാജ്യത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ആംബുലൻസില്ലാത്തതിനാൽ ഒഡീഷ സ്വദേശിയായ യുവതിക്ക് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്.

ഗർഭിണിയായ യുവതിയെ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആംബുലൻസ് കിട്ടിയില്ല. ഒടുവിൽ യുവതിയെ സ്ട്രക്ച്ചറിൽ കിടത്തി നാട്ടുകാർ ചേർന്ന് തൂക്കിയെടുത്തു കൊണ്ടുപോയി. നാലു കിലോമീറ്ററോളം യുവതിയുമായി നാട്ടുകാർ നടന്നു. അതിനുശേഷം ഒരു പിക്കപ് വാനിൽ ബദാദ്‌വാറ സഹിവരെ കൊണ്ടുപോയി. അവിടെനിന്നും വീണ്ടും കല്യാണി നദി കുറുകെ കടക്കുന്നതിനായി യുവതിയെ സ്ട്രക്ച്ചറിൽ കിടത്തി. നദി കുറുകേ കടന്ന ശേഷം വീണ്ടും സ്ട്രക്ച്ചറിൽ കിടത്തി യുവതിയെ കൊണ്ടുപോയി. ഇതിനിടയിൽ യുവതി പ്രസവിച്ചു. അതൊരു ചാപിളളയായിരുന്നു. ഗുരുതര അവസ്ഥയിലായ യുവതിയെ പിന്നീട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

ഏതാനും ദിവസങ്ങൾക്കുമുൻപ് റായഗഡയിലെ സജ ഗോൺ വില്ലേജിലും ഗർഭിണിയായ യുവതിയെ സ്ട്രക്ച്ചറിൽ കിടത്തി നാഗബാലി നദി കുറുകേ കടത്തിയിരുന്നു. ഈ പ്രദേശത്ത് പാലങ്ങൾ ഇല്ല. ജനജീവിതം ഇത് വളരെയധികം ദുരിതമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ