ന്യൂഡൽഹി: ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റ് മരിച്ചതിനുപിന്നാലെ പോർച്ചുഗൽ ആരോഗ്യ മന്ത്രി മാർട്ട ടെമിഡോ രാജിവച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മുപ്പത്തിനാലുകാരിയായ ഇന്ത്യൻ ടൂറിസ്റ്റ് മരിച്ചത്. കിടക്ക ലഭ്യമല്ലാത്തതിനാൽ ലിസ്ബണിലെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനിടെയാണ് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എമർജൻസി കെയർ സേവന കേന്ദ്രങ്ങളുടെ അടച്ചു പൂട്ടൽ, ആശുപത്രികളിലെ ഡോക്ടർമാരുടെ അഭാവം, ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ കിട്ടാതെ സങ്കീർണതകൾ നേരിടുന്ന ഗർഭിണികളുടെ കേസുകളിലെ വർധനവ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ കടുത്ത വിമർശനം നേരിട്ടതിനെ തുടർന്നാണ് ടെമിഡോയുടെ രാജിയെന്ന് ജോണൽ ഡി നോട്ടിസിയാസ് റിപ്പോർട്ട് ചെയ്തു.
ടെമിഡോ നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് കോവിഡ് മഹാമാരി സമയത്തെ പ്രവർത്തനങ്ങൾക്കും നന്ദിയെന്ന് പോർചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന് കോസ്റ്റ വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
മരിച്ച ഇന്ത്യൻ യുവതി 31 ആഴ്ച ഗർഭിണിയായിരുന്നെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ സാന്താ മരിയ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യനില മോശമല്ലാത്തതിനാൽ ആശുപത്രി അവരെ സാവോ ഫ്രാൻസിസ്കോ സേവ്യർ ആശുപത്രിയിലേക്ക് മാറ്റിയതായും വഴിയിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.
രണ്ടാമത്തെ ആശുപത്രിയിൽ വച്ച് അവൾക്ക് സി-സെഷൻ നടത്തി. നവജാത ശിശുവിനെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.