ന്യൂഡല്‍ഹി: ഗര്‍ഭം ധരിക്കുന്നിതും അലസിപ്പിക്കുന്നതും ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ പെടുമെന്ന് സുപ്രീം കോടതി. സ്വകാര്യത മൗലീകവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര പ്രധാനമായ വിധിപറഞ്ഞ ഒമ്പതംഗ ബഞ്ചിലെ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് ഇക്കാര്യത്തില്‍ വിധിന്യായത്തില്‍ എഴുതിയത്.
സ്വന്തം ജീവന് നിലനിര്‍ത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയുടെ പരിധിയില്‍ വരുന്നതാണെന്നും വിധിയില്‍ പറയുന്നു. ചികിത്സയിലൂടെ ജീവന് നീട്ടിക്കൊണ്ട് പോവുന്നതും ജീവന് ഉപേക്ഷിക്കുന്നതും സ്വകാര്യതയില്‍ വരുന്നതാണ്. പൗരന്റെ ശരീരത്തില്‍ ഭരണകൂടം അതിക്രമിച്ച് കയറിയപ്പോഴാണ് സ്വകാര്യതയെകുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന് വന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.
വ്യക്തിയെ സംബന്ധിച്ചതെല്ലാം സ്വകാര്യതയില്‍ പെടുന്നതാണ്. രാജ്യത്തെ ഏതെങ്കിലും ഒരു പൗരനോട് എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം അല്ലെങ്കില്‍ ജീവിക്കണം എന്നിവയെല്ലാം ഏതെങ്കിലും ഒരു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് ആരെങ്കിലും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ വിധിയുടെ അടിസ്ഥാനത്തില്‍ നിരാഹാര സമര രീതിയും സ്വകാര്യതയുടെ പരിധിയില്‍ വരുന്നതാണ്. നിരാഹാര സമരം രാജ്യത്ത് പുതുമയുള്ള ഒന്നല്ല. സമരക്കാരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നതും സാധാരണ സംഭവം തന്നെ. അതുപോലെ ആധാര്‍ അടക്കമുള്ള കാര്യങ്ങള്‍ വിധിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ചെലമേശ്വര്‍ പറഞ്ഞു.