ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വൈറസിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ കോവിഡിനെ നേരിടുന്നതില്‍ തയാറെടുക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു, നിലവിലെ സാഹചര്യങ്ങള്‍ വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു. കോവിഡ് അവസാനിച്ചിട്ടില്ല. കോവിഡിനെതിരെ ജാഗ്രത തുടരാനും നിരീക്ഷണം ശക്തമാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്ക്കും നിര്‍ദേശം നല്കി, ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, അടച്ചിട്ട ഇടങ്ങളിലും പുറത്തും മാസ്ക് ധരിക്കാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു, കോവിഡിനെതിരെ കരുതല്‍ ഡോസുകള്‍ എടുക്കാനും നീതി ആയോഗ് ( ഹെല്‍ത്ത്) അംഗം ഡോ. വി കെ പോള്‍ നിര്‍ദേശിച്ചു. രാജ്യത്ത് 27-28 ശതമാനം പേര് മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു.
ജനകീയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ മാസം കര്‍ശന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതു മുതല്‍ ചൈനയില്‍ കേസുകളില്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ് അതിവേഗം പടരുകയാണ്. പ്രതിദിന കേസുകളുടെ എണ്ണം ഈ മാസത്തെ ആദ്യ രണ്ടാഴ്ചകളില്‍ പുതിയ റെക്കോര്‍ഡുകളില്‍ എത്തി. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ച അഞ്ച് മരണങ്ങളും ഞായറാഴ്ച രണ്ട് മരണങ്ങളും ചൈന റിപ്പോര്‍ട്ട് ചെയ്തു.