വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 46ാം പ്രസിഡന്റായി ഇന്ന് സ്ഥാനമേൽക്കുന്ന ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ല. ഒരാഴ്ചയായി പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാത്ത ട്രംപ്, മുൻകൂട്ടി റെക്കോർഡുചെയ്ത വിടവാങ്ങൽ വീഡിയോ പുറത്തിറക്കി.
ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ വിജയത്തിനായി “പ്രാർത്ഥിക്കാൻ” ട്രംപ് ആദ്യമായി അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. ട്രംപ് ഇതുവരെ ബൈഡന്റെ വിജയത്തിൽ വ്യക്തിപരമായി അഭിനന്ദനം അറിയിച്ചിട്ടില്ല.
അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നുവെന്നും ട്രംപ് പറഞ്ഞു.
“പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനില്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പ്പിക്കുന്നു,” ട്രംപ് പറഞ്ഞു.
Read More: കനത്ത സുരക്ഷയിൽ യുഎസ് പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും
തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി വീഡിയോയില്‍ ട്രംപ് അവകാശപ്പെട്ടു. രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് കനത്ത ക്രമീകരണങ്ങളോടെയാണ് ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ. ബൈഡനൊപ്പം കമല ഹാരിസും ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. അടുത്തിടെയുണ്ടായ യുഎസ് ക്യാപിറ്റൽ കലാപത്തിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന വേദിക്ക് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന് വാഷിങ്ടണിലെത്തി. വാഷിങ്ടൺ ഡിസിയിലേക്ക് പോകാന്‍ സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിന്‍ ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡന് എത്തിയത്. ബൈഡന് ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ് മെമ്മോറിയലായിരുന്നു.
കോവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്ക്കും ജോ ബൈഡന് ആദരാഞ്ജലി അര്‍പ്പിച്ചു. ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള് ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ല.
അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും സത്യപ്രതിജ്ഞാ ദിനത്തിൽ ജോ ബൈഡന് നടത്തുകയെന്നാണു നിഗമനം. ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന് പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.