ന്യൂഡല്‍ഹി: തന്നെ പൊലീസുകാര്‍ കൊല്ലാന്‍ തീരുമാനിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജയ്പൂരിലേക്ക് കടന്നുകളഞ്ഞതെന്ന് വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വർക്കിങ് പ്രസിഡന്ര് പ്രവീൺ തൊഗാഡിയ. ഇന്ന് അഹമ്മദാബാദില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പ്രവീണ്‍ തൊഗാഡിയ ഈ ആരോപണം ഉന്നയിച്ചത്. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഇന്നലെ ‘കാണാതായ’ വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്ര് പ്രവീണ്‍ തൊഗാഡിയ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്.
ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ നിന്നുളള പൊലീസ് കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസിന്രെ സഹായത്തോടെ അറസ്റ്റ് വാറന്ര് നടപ്പാക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെ അഹമ്മദാബാദിലെ വസതിയിൽ കണ്ടെത്താനായില്ല. ഐപിസി 188 പ്രകാരമുളള കേസിലാണ് തൊഗാഡിയയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുളളത്.
വെള്ള കുര്‍ത്തയും പൈജാമയുമായിരുന്നു അറുപത്തിയൊന്നുകാരനായ വിഎച്ച്പി നേതാവിന്റെ വേഷം. കൂടെയുണ്ടായിരുന്ന സഹായി കൈയ്യില്‍ ഉപ്പുവെള്ളവും കരുതിയിട്ടുണ്ടായിരുന്നു. “ഇന്നലെ കാലത്ത് പൂജ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരാള്‍ എന്റെ ഓഫീസിലേക്ക് കയറി വന്നത്. ഞാന്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കും എന്ന് അയാള്‍ അറിയിച്ചു. “ഇതിനെത്തുടര്‍ന്ന് താന്‍ കടന്നുകളയുകയായിരുന്നു എന്നാണ് പ്രവീണ്‍ തൊഗാഡിയ പറയുന്നത്.
“രാജസ്ഥാന് പൊലീസ് എന്നെ അറസ്റ്റുചെയ്യാന്‍ ഗുജറാത്തില്‍ എത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ഞാന്‍ ഓഫീസ് വിട്ടിറങ്ങിയത്. എന്റെ അറസ്റ്റ് കൂടുതല്‍ പ്രശ്നങ്ങളില്‍ കലാശിക്കും എന്ന് ഭയന്നാണത്. ലൊക്കേഷന്‍ മനസ്സിലാകാതിരിക്കാന്‍ ഫോണ്‍ ഓഫ് ചെയ്ത ഞാന്‍ തല്‍തേജിലെ ഒരു പ്രവര്‍ത്തകന്റെ ഓഫീസിലേക്ക് പോവുകയായിരുന്നു” തൊഗാഡിയ പറഞ്ഞു.
തന്റെ ശബ്ദം അടിച്ചമര്‍ത്താനായി കെട്ടിച്ചമച്ച കേസുകളാണ് ഇതെന്ന് പ്രവീണ്‍ തൊഗാഡിയ ആരോപിക്കുന്നു. പത്രസമ്മേളനത്തിനിടയില്‍ തൊഗാഡിയ അതി വൈകാരികമായിട്ടായിരുന്നു സംസാരം. ഇടയ്ക്കുവച്ച് വിങ്ങിപൊട്ടുകയും ചെയ്തു. “ഞാന്‍ ഗുജറാത്തിലും രാജസ്ഥാനിലുമുള്ള എന്റെ എല്ലാ അഭിഭാഷകരേയും ബന്ധപ്പെട്ടു. കോടതി മുന്‍പാകെ കീഴടങ്ങണം എന്നാണ് അവരെന്നോട് ആവശ്യപ്പെട്ടത്. അതിനാല്‍ ഞാന്‍ ജയ്പൂരിലെ വിമാനത്താവളത്തിലേക്ക് തിരിച്ചു. വഴിയില്‍ കോതര്‍പൂരില്‍ വച്ച് ഞാന്‍ വീഴുകയായിരുന്നു. പൊലീസില്‍ നിന്നും രക്ഷപ്പെടുവാനായി ഒരു ഷോള് കൊണ്ട് മുഖം മറച്ചു എന്നതൊഴിച്ചാല്‍.
“രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക്” കീഴ്പ്പെടരുതെന്ന് പ്രവീൺ തൊഗാഡിയ ഗുജറാത്തിലെ ക്രൈംബ്രാഞ്ചിനോട് അഭ്യർത്ഥിച്ചു.. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഞാൻ രക്ഷപ്പെടുകയല്ല, എനിക്ക് രാജസ്ഥാനിലെയോ ഗുജറാത്തിലെയോ പൊലീസിനെ കുറിച്ച് പരാതിയില്ല. ഞാനൊരു ക്രിമിനൽ അല്ല. ഒരു തെറ്റും ചെയ്തിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന അഭ്യർത്ഥനയാണ് എനിക്ക് ഗുജറാത്ത് ക്രൈംബ്രാഞ്ചിനോട് ഉളളത്.
തിങ്കളാഴ്ച ദുരൂഹമായ സാഹചര്യത്തിൽ കോതാർപൂരിൽ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തൊഗാഡിയയെ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ ഷാഹിബാഹിലെ സ്വകാര്യ ആശുപത്രിയിൽ “അർധ ബോധാവസ്ഥ”യിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഹൈപ്പോഗ്ലൈസീമിയ കാരണമാണ് ഇത് സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
തൊഗാഡിയയെ കാണാനില്ല എന്ന് പൊലീസ് അറിയച്ചതോടെ തിങ്കളാഴ്ച മുതൽ വിഎച്ച്പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി എന്നത് ഉൾപ്പടെയുളള ആരോപണങ്ങൾ വിഎച്ച്പി ഉന്നയിച്ചു.
വിഎച്ച്പി പ്രവർത്തകർ അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, ഭുജ് എന്നിവിടങ്ങളിൽ ദേശീയപാത ഉപരോധിക്കുകയും ബസ്സുകൾക്ക് നേരെയും മറ്റും ആക്രമമഴിച്ചുവിടുകയും ചെയ്തു. അക്രമസംഭവത്തില്‍ പങ്കെടുത്ത ഡസന്‍ കണക്കിന് വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.