ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തുമായുളള ബന്ധം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രവീൺ തൊഗാഡിയ. തൊഗാഡിയുടെ നോമിനിയെ വി എച്ച് പി തിരഞ്ഞെടുപ്പിൽ എതിർ വിഭാഗം പരാജയപ്പെടുത്തിയിരുന്നു. ഗോധ്ര കലാപത്തിന് ശേഷം 2002 മുതൽ നരേന്ദ്രമോദിയിൽ തനിക്ക് പ്രതീക്ഷ ഇല്ലെന്ന് പ്രവീൺ തൊഗാഡിയ പറയുന്നത്. “ഞാൻ  ഇപ്പോൾ വി ​എച്ച് പിയിൽ ഇല്ല. ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും” എന്ന് തൊഗാഡിയ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച മുതൽ ഹിന്ദുക്കളുടെ ദീർഘകാല ആവശ്യം ഉന്നയിച്ച് അഹമ്മദാബാദിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. തൊഗാഡിയയുടെ നോമിനിയായ രാഘവ് റെഡിയെ തോൽപ്പിച്ചാണ് മുൻ ഹിമാചൽ പ്രദേശ് ഗവർണറും ജഡ്ജിയുമായിരുന്ന വി എസ് കോക്‌ജേ വി എച്ച് പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു പ്രവീൺ തൊഗാഡിയ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചത്..

ഗുജറാത്തിൽ തിരികെയെത്തിയ തൊഗാഡിയ അനുയായികളെയും വി എച്ച് പിയുടെ മുതിർന്ന നേതാക്കളെയും കണ്ടു. “കഴിഞ്ഞ നാല് വർഷമായി ഞാൻ ഈ സർക്കാരിൽ​ വ്യാമോഹമുക്തനാണ്. യഥാർത്ഥത്തിൽ 2002 ലെ ഗുജറാത്തിലെ സംഭവങ്ങളെ തുടർന്ന് പതുക്കെയാണ് പ്രതീക്ഷയുടെ മോഹനിദ്രയിൽ നിന്നുണർന്നതെന്ന്” അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഗോധ്ര കലാപത്തിന് ശേഷം നടന്ന പൊലീസ് വെടിവെയ്പിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്നും “നരേന്ദ്രഭായി” (നരേന്ദ്രമോദി) മുഖ്യമന്ത്രിയായിരിക്കുമ്പോൾ അതെങ്ങനെ സംഭവിച്ചുവെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും തൊഗാഡിയ പറഞ്ഞു. “ആയിരക്കണക്കിന് ഹിന്ദുക്കൾക്കെതിരെ കേസെടുത്തു, അവരെ ജയിലിലടച്ചു” തൊഗാഡിയ ആരോപിച്ചു.

” 2014ലെ തിരഞ്ഞെടുപ്പിൽ​ നരേന്ദ്രഭായിക്ക് വി എച്ച് പി പൂർണ പിന്തുണ നൽകി. എന്നാൽ ഗോരക്ഷകരെ ഗുണ്ടകളെന്ന് വിളിച്ചു. ജാർഖണ്ഡിൽ പതിനൊന്ന് പശുസംരക്ഷകരെ കോടതി ജയിലിലടച്ചത് അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ്. ഇത് കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പോലും സംഭവിക്കാത്തതാണ്” തൊഗാഡിയ ആരോപിച്ചു.

“പാകിസ്ഥാനെ പിന്തുണയ്ക്കുന്നവർക്കെതിരെയും കശ്മീരിലെ കല്ലെറിയുന്നവർക്കെതിരെയുമുളള കേസുകൾ പിൻവലിക്കുകയാണ് ഈ സർക്കാർ ചെയ്തത്. പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരെ സഹായിക്കുന്ന സർക്കാർ നിലപാട് എന്നെ ഞെട്ടിച്ചു” തൊഗാഡിയ തുടർന്നു.

രാമജന്മഭൂമി അയോധ്യയിൽ നിർമ്മിക്കുക, ദേശീയ തലത്തിൽ​ പശു കശാപ്പ് നിർത്തലാക്കുക, ഏകീകൃത സിവിൽ നിയമം നടപ്പാക്കുക, കശ്മീരിൽ നിന്നും പുറന്തളളപ്പെട്ട ഹിന്ദുക്കളെ വീണ്ടും പുനരധിവസിപ്പിക്കുക തുടങ്ങി ഹിന്ദുക്കളുടെ ക്ഷേമത്തിന് വേണ്ടിയാണ് താൻ നിരാഹാരം ആരംഭിക്കുന്നതെന്ന് തൊഗാഡിയ പറഞ്ഞു.

ഈ ആവശ്യങ്ങളൊഴിവാക്കാൻ കഴിഞ്ഞ ആറ് മാസമായി തനിക്ക് മേൽ ശക്തമായ സമ്മർദ്ദമാണെന്ന് തൊഗാഡിയ ആരോപിച്ചു. തൊഗാഡിയെ പിന്തുണച്ച് അദ്ദേഹത്തിന്റെ അനുയായികൾ വി എച്ച് പി ആസ്ഥാനത്ത് മുദ്രാവാക്യങ്ങൾ മുഴക്കി.

സംസ്ഥാനത്തെ വി എച്ച് പി നേതാക്കൾ തൊഗാഡിയയുടെ നിരാഹാര സമരത്തോടുളള നിലപാട് വ്യക്തമാക്കിയില്ല. ഗുജറാത്തിലെ വിഎച്ച് പി അധ്യക്ഷനായ രൻചോദ് ബർവാദിനോട് തൊഗാഡിയയുടെ സമരത്തെ സംസ്ഥാനഘടകം പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ ആശുപത്രിയിലാണെന്ന് പറഞ്ഞ് മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
ഗുജറാത്ത് സ്വദേശികളായ മോദിയും തൊഗാഡിയയും ആർ എസ് എസ്സിലൂടെയാണ് രംഗത്തു വരുന്നത്. മോദിയുടെ ഉയർച്ചയ്ക്ക് ശേഷം കഴിഞ്ഞ ദശകത്തിൽ ഇരുവരും വഴിപിരിഞ്ഞു. വ്യാജ ഏറ്റുമുട്ടലിൽ തന്നെ കൊല്ലാൻ ശ്രമം നടന്നതായി കഴിഞ്ഞ മാസം തൊഗാഡിയ ആരോപിച്ചിരുന്നു. രാജസ്ഥാൻ പൊലീസ് തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചതായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഈ ആരോപണത്തിന്റെ തുടർച്ചയിൽ മോദിയെ ലക്ഷ്യം വച്ചുളള അഭിപ്രായ പ്രകടനങ്ങളും തൊഗാഡിയ നടത്തിയിരുന്നു.

ഗുജറാത്തിലെ ബി ജെ പിയിൽ മോദിയും മുൻ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേലും തമ്മിലുള​ള തർക്കത്തിൽ പട്ടേൽ സമുദായക്കാരനായ തൊഗാഡിയ കേശുഭായിയെ പിന്തുണയ്ക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. 2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി നേതൃത്വത്തിലുളള കേന്ദ്രസർക്കാരിനെ തൊഗാഡിയ വിമർശിച്ചിരുന്നു. ബി ജെ പിക്കെതിരെ ക്യാംപെയിൻ നടത്തിയ പട്ടേൽ നേതാവ് ഹാർദിക് പട്ടേലുമായി തൊഗാഡിയ സംസാരിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook