അഹമ്മദാബാദ്: ഏറ്റുമുട്ടൽ കൊലയിലൂടെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ വീണ്ടും ആരോപണങ്ങളുമായി രംഗത്ത്. രാജസ്ഥാൻ, ഗുജറാത്ത് പൊലീസുകൾക്കെതിരായിരുന്നു തൊഗാഡിയ നേരത്തെ ആരോപണം ഉന്നയിച്ചത്.
പതിനഞ്ച് വർഷം മുമ്പ് നടന്ന നിരോധനനിയമം ലംഘിച്ച കേസുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് ജോയിന്ര് കമ്മീഷണർ കഴിഞ്ഞ 15 ദിവസത്തിനുളളിൽ എത്ര തവണ പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്ന് പരസ്യമാക്കണമെന്ന് പ്രവീൺ തൊഗാഡിയ ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് ഡൽഹിയിലെ രാഷ്ട്രീയ ബോസുമാരുടെ നിർദേശപ്രകാരം തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് ആരോപിച്ചു. തിങ്കളാഴ്ച രാവിലെ രാജസ്ഥാൻ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അദ്ദേഹത്തെ കണ്ടെത്താനായില്ല. തിങ്കളാഴ്ച തന്നെ അഹമ്മദാബാദിലെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ തൊഗാഡിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്നെ പൊലീസ് എറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വിഎച്ച്പി ഓഫീസ് വിട്ട് അടുത്ത അനുയായിയായ ഘനശ്യാം ചരന്ദിന്രെ വീട്ടിലെത്തിയതെന്ന് ചൊവ്വാഴ്ച രാവിലെ തൊഗാഡിയ പറഞ്ഞു. കോടതിയിൽ കീഴടങ്ങാൻ ജയ്പൂരിലേയ്ക്ക് വിമാനം കയറാൻ മൂന്ന് മണിയോടെ അഹമ്മദാബാദ് വിമാനത്താവളത്തിലേയക്ക് പോയി. ആ യാത്രയ്ക്കിടയിലാണ് അബോധവസ്ഥയിലായ തന്നെ ആശുപത്രിയിലാക്കിയതെന്ന് തൊഗാഡിയ പറഞ്ഞു.
എന്നാൽ അതേ ദിവസം തന്നെ തൊഗാഡിയ പറഞ്ഞത് കളളമാണെന്ന് ക്രൈംബ്രാഞ്ച് ജോയിന്ര് കമ്മീഷണർ ജെ.കെ.ഭട്ട് രംഗത്തെത്തി. എന്നാൽ ഭട്ടിനെതിരെ മാത്രമല്ല, പ്രധാനമന്ത്രിക്കെതിരെയും ആരോപണവുമായാണ് പ്രവീൺ തൊഗാഡിയ തിരിച്ചടിച്ചത്.
തൊഗാഡിയയുടെ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് ജോയിന്ര് കമ്മീഷണർ ഭട്ട് നിഷേധിച്ചു. “മോദിജി മുഖ്യമന്ത്രിയായിരുന്നപ്പോൾ പോലും ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടില്ല. അപ്പോൾ നിങ്ങൾ കരുതുന്നുണ്ടോ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോൾ സംസാരിക്കും. ആരോപിക്കപ്പെടുന്നത് പോലെ ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല,” ഭട്ട് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
തന്നെ ഏറ്റുമുട്ടൽ കൊലയ്ക്ക് ഇരയാക്കാൻ ശ്രമിക്കുന്നുവെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഗൂഢലോചനയാണെന്നുമുളള തൊഗാഡിയയുടെ ആരോപണവും പൊലീസ് ഓഫീസർ തളളിക്കളഞ്ഞു. സെഡ് പ്ലസ് സുരക്ഷയുളള അദ്ദേഹത്തിന് ഓട്ടോയിൽ ചാടിക്കയറി പോകാനാകില്ല. ഭീഷണയുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് സുരക്ഷാ ജീവനക്കാരെ വിളിക്കാമായിരുന്നല്ലോയെന്നും പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു.
അഹമ്മദാബാദ് ക്രൈബ്രാഞ്ച് ഓഫീസിനെതിരെ കടുത്ത ആരോപണങ്ങളാണ് തൊഗാഡിയ ഉന്നയിച്ചത്. “ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജയ് ജോഷിയുടെ വ്യാജ വിഡിയോ ഉണ്ടാക്കിയത് ഇതേ ഓഫീസാണ്. അതെനിക്കറിയാം ഞാൻ ആ അന്വേഷണത്തിന്രെ ഭാഗമായിരുന്നു. ഗുജറാത്തിൽ ഒരു ഗൂഢാലോചന ആസൂത്രണം ചെയ്തിട്ടണ്ട്. അത് ചെയ്തത് ആരാണെന്ന് എനിക്കറിയാം. അത് പീന്നീട് വെളിപ്പെടുത്തും,” തൊഗാഡിയ പറഞ്ഞു.
പ്രവീൺ തൊഗാഡിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർ ആർ.എം.അഗർവാൾ പറഞ്ഞു. കഴിഞ്ഞ ദിവസം നാല് മണിയോടെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. അദ്ദേഹം ഒരു കാർഡിയോളജിസ്റ്റിനെയും ഡയബറ്റോളജിസ്റ്റിനെയും ഉടനെ കാണേണ്ടതുണ്ട്. ആശുപത്രിയിൽ നിന്നും പോകുമ്പോൾ അദ്ദേഹത്തിന്രെ മകനും ഒപ്പം ഉണ്ടായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.