ന്യൂഡൽഹി: വിശ്വ ഹിന്ദു പരിഷത്തുമായുള്ള (വിഎച്ച്പി) എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുൻ വർക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയ സംഘടന വിടാൻ തീരുമാനിച്ചത്.
‘ഇനി ഞാന്‍ വിഎച്ച്പിയില്‍ തുടരില്ല. 32 വര്‍ഷക്കാലമായി ഞാന്‍ സംഘടനയിലുണ്ട്. ഹിന്ദുക്കളുടെ ക്ഷേമത്തിനായാണ് ഞാന്‍ വീടും എന്റെ മെഡിക്കല്‍ പ്രാക്ടീസും ഉപേക്ഷിച്ചത്. ഹിന്ദുക്കളുടെ ക്ഷേമത്തിനായുളള പ്രവര്‍ത്തനം ഞാന്‍ തുടരം. ഹിന്ദുക്കള്‍ ഒന്നാമത് എന്നതായിരുന്നു എന്റെ ജീവിതലക്ഷ്യം. ഹിന്ദുക്കളുടെ കാലങ്ങളായുളള ആവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച്ച മുതല്‍ അഹമ്മദാബാദില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും’, തൊഗാഡിയ പറഞ്ഞു. നേരത്തേ, വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൊഗാഡിയ പക്ഷക്കാർ പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാർഥി ഹിമാചല്‍ മുന്‍ ഗവര്‍ണര്‍ വി.എസ്. കോക്ജെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. പിന്നാലെ തൊഗാഡിയയെ പുറത്താക്കി കോക്ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു. കോക്ജെയ്ക്ക് 131 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി രാഘവ റെഢിക്ക് 60 വോട്ട് മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി റെഡ്ഢിയെ പിന്തുണച്ച തൊഗാഡിയ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി നേതൃത്വത്തേയും നിശിതമായി വിമര്‍ശിച്ച തൊഗാഡിയയ്ക്കെതിരെ സംഘടനയ്ക്കുളളില്‍ തന്നെ ശബ്ദമുയര്‍ന്നിരുന്നു.
ഇതിനിടെ കഴിഞ്ഞ മാസം ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. സൂറത്തിലെ ഒരു പരിപാടി കഴിഞ്ഞ് പോകും വഴി കാരെംജിൽ വച്ച് തൊഗാഡിയ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും തൊഗാഡിയയും കൂടെയുണ്ടായിരുന്നവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കിയ ഗുജറാത്ത് സർക്കാർ നടപടി തന്നെ അപായപ്പെടുത്താൻ വേണ്ടിയാണെന്ന് അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.