വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വർക്കിങ് പ്രസിഡന്ര് പ്രവീൺ തൊഗാഡിയെ കാണാനില്ലെന്ന് വി എച്ച് പി ആരോപിച്ചു. 2015 ലെ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്രെ അഹമ്മദാബാദിലെ വസതിയിലെത്തിയതിന് പിന്നാലെയാണ് തൊഗാഡിയയെ കാണാതായത്. തൊഗാഡിയെ കാണാനില്ലെന്ന് വിവരം അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. പ്രവീൺ തൊഗാഡിയയുടെ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും അവർ പറഞ്ഞു.

രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് പ്രവീൺ തൊഗാഡിയയെ കാണാതായതെന്ന് വി എച്ച് പി ആരോപിച്ചു. എന്നാൽ അറസ്റ്റ് വാറന്ര് നടപ്പാക്കാൻ എത്തിയപ്പോൾ തൊഗാഡിയ വസതിയലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഐ പി സി 188 പ്രകാരമുളള കേസിലാണ് അറസ്റ്റ് വാറന്ര് ഉണ്ടായിരുന്നത്.

നാൽപത് അംഗ വി എച്ച് പി സംഘം സോലാ പൊലീസ്റ്റേഷൻ അടിച്ചു തകർത്തു. സർക്കേജ്- ഗാന്ധിനഗർ ദേശീയപാതയിൽ തടസ്സം സൃഷ്ടിച്ചു. തൊഗാഡിയെ ഉടനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടായിരന്നു ഇത്. ” രാവിലെ പത്ത് മണി മുതൽ ഞങ്ങളുടെ രാജ്യാന്തര വർക്കിങ് പ്രസിഡന്ര് പ്രവീൺ തൊഗാഡിയയെ കാണാനില്ല. അദ്ദേഹത്തിന്രെ സുരക്ഷ ഭരണകൂടത്തിന്രെ ഉത്തരവാദിത്വമാണ്.” വി എച്ച് പിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറി റൻചോട് ബർവാദ് പി ടി ഐയോട് പറഞ്ഞു.

തൊഗാഡിയയെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയതായ ബി ജെ പി വക്താവ് ജെയ് ഷാ അവകാശപ്പെട്ടു. ” ഞങ്ങളുടെ നേതാവ് പ്രവീൺ തൊഗാഡിയയെ നഗരത്തിലെ പാലാഡി പ്രദേശത്തെ വി എച്ച് പി സംസ്ഥാന ആസ്ഥാനത്ത് നിന്നും പഴയൊരു കേസിൽ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി” അദ്ദേഹം പറഞ്ഞു.

ഇതേ സമയം, പ്രവീൺ തൊഗാഡിയ തങ്ങളുടെ കസ്റ്റഡിയിൽ ഇല്ലെന്നും ഒഴിഞ്ഞ കൈകളോടെയാണ് മടങ്ങിയതെന്നും രാജസ്ഥാൻ പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ഗംഗപൂരിൽ നിന്നുളള പൊലീസ് സംഘ അറസ്റ്റ് വാറന്ര് നടപ്പാക്കാതെയാണ് മടങ്ങിയത്. അഹമ്മദാബാദിലെ വസതിയിൽ തൊഗാഡിയയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വാറന്ര് നടപ്പാക്കാതെ മടങ്ങിയതെന്ന് ഭരത് പൂർ റേഞ്ച് ഐഇ അലോക് കുമാർ വസിഷ്ഠ പറഞ്ഞു.

രാജസ്ഥാൻ പൊലീസ് അറസ്റ്റ് വാറന്ര് നടപ്പാക്കാൻ തങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നതായി സോലാ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ” പ്രവീൺ തൊഗാഡിയയുടെ വസതി ഞങ്ങളുടെ അധികാര പരിധിയിൽ വരുന്നതിനാൽ പ്രവീൺ തൊഗാഡിയയ്ക്കെതിരായ വാറന്ര് നടപ്പാക്കാൻ രാജസ്ഥാൻ പൊലീസ് സഹായം അഭ്യർത്ഥിച്ചിരുന്നു. ഗംഗാപൂർ സെഷൻസ് കോടതി ഐ പി സി 188 പ്രകാരമാണ് വാറന്ര്. ഞങ്ങൾ രാജസ്ഥാൻ പൊലീസിനെയും കൊണ്ട് തൊഗാഡിയയുടെ വസതിയിലെത്തിയെങ്കിലും അവിടെ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.” സോലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ എസ് പട്ടേൽ പറഞ്ഞു.

ജനുവരി അഞ്ചിന് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതി പ്രവീൺ തൊഗാഡിയയ്ക്കും ഉൾപ്പടെ മറ്റ് 38 പേർക്കുമെതിരെ ജാമ്യമില്ലാത്ത വാറന്ര്  പുറപ്പെടുവിച്ചിരുന്നു. ഈ കേസിൽ അഹമ്മദാബാദിലെ ദസ്ക്രോയിയിലെ ബി ജെ പി എം എൽ എ യായ ബാബു ജംനാദാസ് പട്ടേലും ഉൾപ്പെട്ടിരുന്നു. 1996 ലെ വധശ്രമ കേസിലായിരുന്നു ഈ വാറന്ര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook