ജയ്‌പൂർ: വിശ്വ ഹിന്ദു പരിഷത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള പതിനഞ്ച് വര്‍ഷം പഴക്കമുള്ള കേസ് പിന്‍വലിക്കാന്‍ രാജസ്ഥാന്‍ പൊലീസ് തീരുമാനിച്ചു. കേസ് പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ഗംഗാപൂരിലെ സവായി മധോപുര്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേസ് എഴുതിതള്ളാം എന്ന് പറയുന്ന മൂന്ന് വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ രേഖ കോടതിയില്‍ എത്തിയിട്ടില്ല എന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെതന്നെ രാജസ്ഥാന്‍ അഭ്യന്തര വകുപ്പ് പ്രശ്നത്തില്‍ ഇടപെടുകയും വീണ്ടും ഉത്തരവിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

അഭ്യന്തര വകുപ്പ് ബുധനാഴ്ചയിറക്കിയ ഉത്തരവ് പൊലീസ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതോടെ ഒരുപാട് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വച്ചൊരു കേസാണ് കെട്ടടങ്ങുന്നത്. പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റുചെയ്യുവാനായി തിങ്കളാഴ്ച ജാമ്യമില്ലാ വാറണ്ടുമായി രാജസ്ഥാന്‍ പൊലീസ് ഗുജറാത്തില്‍ എത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെ തൊഗാഡിയയെ ‘കാണാതാകുകയും’ ചെയ്തു. തന്നെ പൊലീസുകാര്‍ കൊല്ലാന്‍ തീരുമാനിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജയ്‌പൂരിലേക്ക് കടന്നുകളഞ്ഞതെന്നായിരുന്നു ഒരു ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ വിഎച്ച്പി നേതാവ് പ്രതികരിച്ചത്.

“കേസ് പിന്‍വലിക്കണം എന്ന് പറഞ്ഞുകൊണ്ട് ജൂണ്‍ 2015ല്‍ അഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കാരണം ആ ഉത്തരവ് കോടതിയില്‍ എത്തിയിരുന്നില്ല” ഭരത്പൂര്‍ റേഞ്ച് പൊലീസ് ജനറല്‍ അലോക് കുമാര്‍ വഷിഷ്ട പറഞ്ഞു.

2002ലാണ് ഗംഗാപൂരില്‍ വച്ച് തൊഗാഡിയയ്ക്കും കണ്ടാലറിയാവുന്ന മറ്റ് 16 പേര്‍ക്കുമെതിരെ സെഷന്‍ 144 ലംഘിച്ചെന്ന് ആരോപിച്ച് കേസെടുക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ