അഹമ്മദാബാദ്: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്പി)നേതാവ് പ്രവീൺ തൊഗാഡിയ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. സൂറത്തിലെ ഒരു പരിപാടി കഴിഞ്ഞ് പോകും വഴി കാരെംജിൽ വച്ച് തൊഗാഡിയ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും തൊഗാഡിയയും കൂടെയുണ്ടായിരുന്നവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകരമായി വാഹനം ഓടിച്ചതിന് ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കിയ ഗുജറാത്ത് സർക്കാർ നടപടി തന്നെ അപായപ്പെടുത്താൻ വേണ്ടിയാണെന്ന് അദ്ദേഹം പ്രവീന്‍ തൊഗാഡിയ പറഞ്ഞു. തന്നെ വധിക്കാനായിരുന്നു ശ്രമമെന്നും ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ലെങ്കിൽ വെടിവച്ച് കൊല്ലുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വഡോദരയില്‍ നിന്നും സൂററ്റിലേക്ക് പോകുന്ന വിവരം ഞാന്‍ അധികൃതരെ അറിയിച്ചിരുന്നു. ഇസഡ് പ്ലസ് സുരക്ഷാ മാനദണ്ഡമനുസരിച്ച് എന്റെ വാഹനത്തിന്റെ കൂടെ ഒരു പൈലറ്റ് വാഹനവും ഒരു അകമ്പടി വാഹനവും ആംബുലൻസും ഉണ്ടാകണം. എന്നാൽ ഇതാദ്യമായി പിന്നിൽ അകമ്പടി പാലിക്കുന്ന വാഹനത്തെ പിൻവലിച്ചു. ഇത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ്. ഞങ്ങളുടെ കാർ ഇടിച്ച് തെറിപ്പിച്ച ട്രക്ക് ഡ്രൈവർ ഒരിക്കൽ പോലും വാഹനം ബ്രേക്കിടാൻ ശ്രമിച്ചില്ല. കൊല്ലാന്‍ തന്നെയായിരുന്നു ശ്രമം’, തൊഗാഡിയ ആരോപിച്ചു.