ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയുവിൽ ചേർന്നു. നിതീഷ് കുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രവേശനം. ഇതേക്കുറിച്ച് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അദ്ദേഹം സൂചനകള്‍ നല്‍കിയിരുന്നു.
‘ബിഹാറില്‍ നിന്നും എന്റെ പുതിയ യാത്ര തുടങ്ങുന്നതിനെ സംബന്ധിച്ച് ഏറെ ആവേശഭരിതനാണ്,’ എന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു. 2018 ഫെബ്രുവരിയിലാണ് പ്രശാന്ത് കിഷോര്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റാണിത്.
ബിജെപിയില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞതിനു ശേഷം 2015ലെ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കു വേണ്ടി പ്രചരണം നടത്തിയതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് പ്രശാന്ത് കിഷോര്‍.
കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രശാന്ത് സൂചന നല്‍കിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താന്‍ താനുണ്ടാകില്ലെന്നും മറിച്ച് അടിസ്ഥാനമേഖലയിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലോ ബിഹാറിലോ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചിരുന്നു.
നിലവില്‍ ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് തന്റെ പ്രവര്‍ത്തനമേഖല മാറ്റുന്നതിനു മുമ്പ് പഞ്ചാബ്, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.