ന്യൂഡൽഹി: ബിഹാറിൽ 3,000 കിലോമീറ്റർ ‘പദയാത്ര’ നടത്തുമെന്ന പ്രഖ്യാപനവുമായി രാഷ്ട്രീയ നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് പദയാത്ര പ്രഖ്യാപനം.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന തന്റെ മുൻ പ്രഖ്യാപനത്തിന് പുറമെ ഒക്‌ടോബർ രണ്ട് മുതൽ ബീഹാറിലുടനീളം യാത്ര ചെയ്യുകയും ആളുകളെ അവരുടെ വീടുകളിൽ കണ്ട് അവരുടെ പരാതികൾ മനസ്സിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ അടുത്ത കാലത്ത് തിരഞ്ഞെടുപ്പ് ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടി എന്ന ആലോചന ഇപ്പോഴില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ അത് തന്റെ പേരിൽ ആയിരിക്കില്ലെന്നും ആരെങ്കിലും രൂപീകരിച്ചാൽ അവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ചേരാനുള്ള കോൺഗ്രസിന്റെ ക്ഷണം പ്രശാന്ത് അടുത്തിടെ നിരസിച്ചിരുന്നു. കോൺഗ്രസിന് തന്നെക്കാൾ ആവശ്യം നേതൃത്വവും പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള ഇച്ഛാശക്തിമാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു.
സ്വദേശമായ ബിഹാറിൽ പുതിയ രാഷ്ട്രീയ പരീക്ഷണം നടത്താൻ ഒരുങ്ങുന്നതായി പ്രശാന്ത് കിഷോർ നേരത്തെ സൂചിപ്പിച്ചിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിലെ യാത്രയ്ക്കുശേഷം പേജ് മറിക്കാനായെന്നും ജനങ്ങളെന്ന യഥാർഥ യജമാനരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സമയമായെന്ന് പ്രശാന്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
Also Read: 2020ലെ മരണങ്ങളിൽ 45% വൈദ്യസഹായം ലഭിക്കാത്തവ; എക്കാലത്തെയും ഉയർന്ന കണക്ക്