ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന പ്രശാന്ത് ഭൂഷനെ ശിക്ഷിച്ച നടപടി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. പ്രശാന്ത് ഭൂഷണ് അഭിഭാഷകനായി തുടരാൻ നിയമപരമായി അർഹതയുണ്ടോ എന്നതിൽ ഉടൻ തീരുമാനം എടുക്കണമെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമേയത്തിലൂടെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

Read More: ബഹുമാനത്തോട് കൂടെ ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കെതിരെ നടത്തിയ ട്വീറ്റുകളിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് ഓഗസ്റ്റ് 14 നാണ് സുപ്രീം കോടതി കണ്ടെത്തിയത്.

കോടതിയലക്ഷ്യത്തിൽ മാപ്പ് പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാമെന്ന് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, മാപ്പ് പറയാൻ താൻ തയ്യാറല്ലെന്ന നിലപാടായിരുന്നു പ്രശാന്ത് ഭൂഷൺ സ്വീകരിച്ചത്. താൻ അഭിപ്രായപ്പെട്ട പരാമർശങ്ങൾ തന്റെ വിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്നും അതിന് മാപ്പ് ചോദിക്കുന്നത് “ആത്മാർത്ഥതയില്ലാത്ത” കാര്യമാവുമെന്നും ഭൂഷൺ പറഞ്ഞിരുന്നു.

ഒടുവിൽ സെപ്‌റ്റംബർ 15 നകം ഒരു രൂപ പിഴയൊടുക്കുക അല്ലെങ്കിൽ മൂന്ന് മാസം ജയിൽ ശിക്ഷയും മൂന്ന് വർഷത്തേക്ക് അഭിഭാഷകവൃത്തിയിൽ നിന്നു വിലക്കുകയും ചെയ്യുമെന്ന് കോടതി വിധിക്കുകയായിരുന്നു. ജസ്റ്റിസ് അരുൺ മിശ്രയായിരുന്നു ബെഞ്ചിന്റെ അധ്യക്ഷൻ. ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കൃഷ്‌ണ മുരാരി എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.

Read More: കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ

സുപ്രീംകോടതി വിധിച്ച ശിക്ഷയായ ഒരു രൂപയുടെ പിഴ ബഹുമാനത്തോടെ താൻ നൽകുമെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ നീക്കം.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് അനുവദിക്കുക, അഭിഭാഷക നിയമത്തിന്റെ പിൻബലത്തിൽ ചില സാഹചര്യങ്ങളിൽ ലൈസൻസ് പിൻവലിക്കുക, സസ്‌പെൻഡ് ചെയ്യുക തുടങ്ങി തീരുമാനങ്ങൾ എടുക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകളാണ്. പ്രശാന്ത് ഭൂഷൺ എൻറോൾ ചെയ്തത് ഡൽഹി ബാർ കൗൺസിലിന്റെ കീഴിലാണ്. പ്രശാന്ത് ഭൂഷണെതിരെ നടപടി വേണോ എന്ന കാര്യത്തിൽ ഡൽഹി ബാർ കൗൺസിൽ തീരുമാനമെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook