തനിക്കെതിരായ കോടതിയലക്ഷ്യക്കേസ് വിധിയിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയതായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ടോക്കൺ പിഴത്തുക അടച്ചാൽ താൻ വിധി അംഗീകരിച്ചതായി അർത്ഥമാക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
രണ്ട് ട്വീറ്റുകളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലാണ് ഭൂഷണ് കോടതി ശിക്ഷ വിധിച്ചത്. ഒരു രൂപ പിഴ അടക്കണമെന്നായിരുന്നു ശിക്ഷാ വിധി. സെപ്റ്റംബർ 15 നകം പിഴ അടയ്ക്കണമെന്ന് സുപ്രീം കോടതി ഭൂഷണിനോട് ആവശ്യപ്പെട്ടിരുന്നു. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തേക്ക് സാധാരണ തടവ് ശിക്ഷയും മൂന്ന് വർഷത്തേക്ക് അഭിഭാഷക വൃത്തിയിൽ നിന്നുള്ള വിലക്കും ഭൂഷൺ അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ പറയുന്നു.
Read More: പ്രശാന്ത് ഭൂഷൺ അഭിഭാഷകനായി തുടരണോ എന്ന് പരിശോധിക്കണം: ബാർ കൗൺസിൽ
“ഞാൻ പിഴ അടച്ചതുകൊണ്ട് ഞാൻ വിധി അംഗീകരിച്ചുവെന്ന് അർത്ഥമാക്കുന്നില്ല. അവഹേളനക്കേസിലെ ശിക്ഷാവിധിക്കെതിരേ അപ്പീൽ നടപടിക്രമങ്ങളുമായി മുന്നോട്ട് പോവും. അതിനായി ഒരു റിട്ട് ഹർജി നൽകിയിട്ടുണ്ട്, ”പിഴ സമർപ്പിക്കുന്നതിന് മുമ്പ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.
പിഴ അടക്കുന്നതിനായി രാജ്യത്തിന്റെ പല കോണുകളിൽ നിന്നും തനിക്ക് സംഭാവനകൾ ലഭിച്ചിട്ടുണ്ടെന്നും ഭിന്നാഭിപ്രായത്തിന്റെ പേരിൽ വിചാരണ നേരിടുന്നവർക്ക് നിയമസഹായം നൽകുന്നതിനായി അത്തരം സംഭാവനകളിൽ നിന്ന് ഒരു ‘ട്രൂത്ത് ഫണ്ട്’ തയ്യാറാക്കുമെന്നും ഭൂഷൺ പറഞ്ഞു.
Read More: ബഹുമാനത്തോട് കൂടെ ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ
വിയോജിപ്പിന്റെ ശബ്ദങ്ങൾ നിശബ്ദമാക്കാൻ ഭരണകൂടം എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നു. ഭരണകൂടത്തിന്റെ പീഡനത്തെ അഭിമുഖീകരിക്കുന്ന വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ‘ട്രൂത്ത് ഫണ്ട്’ ഉപയോഗിക്കും,” ഭൂഷൺ പറഞ്ഞു.
ഡൽഹി കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് മുൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഉമർ ഖാലിദിനെ അറസ്റ്റുചെയ്തതിനെക്കുറിച്ചും ഭൂഷൺ തന്റെ അഭിപ്രായം വ്യക്തമാക്കി. വിമർശനങ്ങളെ ഇല്ലാതാക്കാൻ സർക്കാർ എല്ലാ തരം തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് ഭൂഷൺ കോടതിയിൽ റിട്ട് ഹർജി സമർപിച്ചത്.
Read More: ആത്മാർത്ഥതയില്ലാതെ ക്ഷമ പറഞ്ഞാൽ മനസാക്ഷിയെ അവഹേളിക്കലാവുമെന്ന് പ്രശാന്ത് ഭൂഷൺ
ക്രിമിനൽ അവഹേളനക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്ക് ഇൻട്രാ കോർട്ട് അപ്പീൽ വഴി മറ്റൊരു വിശാല ബഞ്ച് വിഷയം പരിഗണിക്കുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്ന് ഭൂഷൺ പറഞ്ഞു. ഇത് ‘പ്രതികാരപരമായ തീരുമാനങ്ങളുടെ’ സാധ്യത കുറയ്ക്കുമെന്ന് അദ്ദേഹം തന്റെ അപേക്ഷയിൽ പറഞ്ഞു.
തന്റെ ട്വീറ്റുകൾക്ക് സുപ്രീംകോടതിയിൽ മാപ്പ് പറയാൻ ഭൂഷൺ നേരത്തെ വിസമ്മതിച്ചിരുന്നു. താൻ പ്രകടിപ്പിച്ച കാര്യങ്ങൾ തന്റെ വിശ്വസ്ത വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook