ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി വിധിച്ച ശിക്ഷയായ ഒരു രൂപയുടെ പിഴ ബഹുമാനത്തോടെ താൻ നൽകുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഞായറാഴ്ച രാവിലെയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ. സെപ്റ്റംബർ 15 നകം ഒരു രൂപ പിഴയൊടുക്കുകയോ അല്ലെങ്കിൽ മൂന്ന് മാസം ജയിൽ ശിക്ഷയും മൂന്ന് വർഷത്തേക്ക് അഭിഭാഷകവൃത്തിയിൽ നിന്നുള്ള വിലക്കും നേരിടുക എന്നതാണ് ശിക്ഷാവിധി.
വിധി വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പിഴത്തുക താൻ ബഹുമാനത്തോടെ അടയ്ക്കുമെന്ന് ഭൂഷൺ വ്യക്താമാക്കിയത്. തന്റെ ട്വീറ്റുകൾ സുപ്രീം കോടതിയോടോ ചീഫ് ജസ്റ്റിസിനോടോ അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ
“വിധി പുനഃപരിശോധിക്കാനുള്ള എനിക്കുള്ള അവകാശം എനിക്കുണ്ട്, ഞാൻ ആദരവോടെ പിഴ അടയ്ക്കും,” അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഓരോ ഇന്ത്യനും ശക്തമായ ഒരു ജുഡീഷ്യറി വേണമെന്നും “കോടതി ദുർബലമായാൽ അത് റിപ്പബ്ലിക്കിനെ ദുർബലപ്പെടുത്തുമെന്നും” അദ്ദേഹം പറഞ്ഞു.
പ്രശാന്ത് ഭൂഷൺ നടത്തിയ ചില ട്വീറ്റുകളുടെ പേരിലാണ് അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഹാര്‍ലി ഡേവിഡ്സൺ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ഫൊട്ടോ പ്രശാന്ത് ഭൂഷണ് ജൂണ്‍ 29 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വാദം കേൾക്കുന്നതിനിടെ, ജുഡീഷ്യറിയെക്കുറിച്ച് ജൂണ്‍ 27 ന് പ്രശാന്ത് ഭൂഷണ് ചെയ്ത മറ്റൊരു ട്വീറ്റും ജസ്റ്റിസ് അരുൺ മിശ്ര തലവനായുള്ള മൂന്നംഗ ബഞ്ച് പരിഗണിക്കുകയായിരുന്നു.
Read More: ആത്മാർത്ഥതയില്ലാതെ ക്ഷമ പറഞ്ഞാൽ മനസാക്ഷിയെ അവഹേളിക്കലാവുമെന്ന് പ്രശാന്ത് ഭൂഷൺ
സംഭവത്തിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. കോടതിയലക്ഷ്യത്തിൽ മാപ്പ് പറഞ്ഞാൽ ശിക്ഷ ഒഴിവാക്കാമെന്ന് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, മാപ്പ് പറയാൻ താൻ തയ്യാറല്ലെന്ന നിലപാടായിരുന്നു പ്രശാന്ത് ഭൂഷൺ സ്വീകരിച്ചത്. താൻ അഭിപ്രായപ്പെട്ട പരാമർശങ്ങൾ തന്റെ വിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്നും അതിന് മാപ്പ് ചോദിക്കുന്നത് “ആത്മാർത്ഥതയില്ലാത്ത” കാര്യമാവുമെന്നും ഭൂഷൺ പറഞ്ഞിരുന്നു.
പരാമർശത്തിൽ മാപ്പ് പറയാനാവില്ലെന്നും കോടതി ചുമത്തുന്ന ഏതൊരു ശിക്ഷയ്ക്കും വിധേയനാവാമെന്നും മഹാത്മാ ഗാന്ധിയുടെ വാചകങ്ങൾ പരാമർശിച്ച് ഭൂഷൺ പറഞ്ഞിരുന്നു.
Read More: I will respectfully pay the fine of Re 1: Prashant Bhushan