ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് അപകീര്‍ത്തികരമായ പ്രസ്താവന പുനപ്പരിശോധിക്കാന്‍ സുപ്രീം കോടതി. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷണ് കോടതി രണ്ട്-മൂന്ന് ദിവസത്തെ സമയം നല്‍കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടതില്‍ വേദനയുണ്ടെന്നും ദയ ആവശ്യപ്പെടില്ലെന്നും ഏതുശിക്ഷയും സന്തോഷപൂര്‍വം സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.

മുൻ ചീഫ് ജസ്റ്റിസുമാരെയും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയെയും വിമർശിച്ചുള്ള ട്വീറ്റുകളെത്തുടർന്നാണ് പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യ നടപടി നേരിടുന്നത്. കേസിൽ ഭൂഷൺ കുറ്റക്കാരാനാണെന്ന് ഓഗസ്റ്റ് 14നു വിധി പറഞ്ഞിരുന്നു.

Also Read: കോടതിയലക്ഷ്യം: ലഭിക്കാവുന്ന ശിക്ഷ എത്ര?

ഇന്ന് ശിക്ഷ സംബന്ധിച്ച് വാദം കേള്‍ക്കുന്നതിനിടെയാണു അപകീര്‍ത്തികരമായ പ്രസ്താവന പുനപ്പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്. തെറ്റ് മനസിലാക്കുകയാണെങ്കിൽ  കോടതി വളരെ കരുണയുള്ളതാകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര തലവനായ ബഞ്ച് വ്യക്തമാക്കി.

ശിക്ഷയുടെ അളവ് സംബന്ധിച്ച് മറ്റൊരു ബഞ്ച് വാദം കേള്‍ക്കണമെന്ന ഭൂഷന്റെ ആവശ്യം കോടതി തള്ളി. കേസിൽ വാദം കേട്ട അതേ ബഞ്ച് തന്നെ ശിക്ഷ സംബന്ധിച്ചും വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. ബിആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരാണ് ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കു പുറമെ ബഞ്ചിലുള്ളത്. അതേസമയം, പുനപ്പരിശോധനയില്‍ തീരുമാനമാകുന്നതുവരെ ശിക്ഷ ലഭിക്കില്ലെന്ന് ബഞ്ച് വ്യക്തമാക്കി.

Also Read:പ്രശാന്ത് ഭൂഷന്റെ കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി മുൻ ജഡ്‌ജ് കുര്യൻ ജോസഫ്

ഇതിനകം ശിക്ഷിക്കപ്പെട്ട ഭൂഷണ് മറ്റൊരു ശിക്ഷ നല്‍കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ തന്റെ ട്വീറ്റുകള്‍ക്ക് മാപ്പ് പറയേണ്ടതില്ലെന്ന മുന്‍ നിലപാട് പ്രശാന്ത് ഭൂഷണ്‍ പുനപ്പപരിശോധിക്കുന്നതുവരെ അറ്റോര്‍ണി ജനറലിന്റെ അഭ്യര്‍ഥന പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂഷന്റെ പ്രസ്താവനയുടെ സ്വരവും കാലവും ഉള്ളടക്കവും അതിനെ കൂടുതല്‍ വഷളാക്കുന്നു. അത് പ്രതിരോധമാണോ അതോ പ്രകോപനമാണോ എന്നും കോടതി അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന വിധി വിവിധ അക്കാദമികളില്‍ എത്തുമ്പോള്‍ നിശിതമായി വിമര്‍ശിക്കപ്പെടുമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. ഭൂഷന്റെ പ്രവര്‍ത്തനങ്ങളെ കോടതി കണക്കിലെടുക്കണമെന്നും ധവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭൂഷന്റെ കേസുകളെയും നല്ല പ്രവര്‍ത്തനങ്ങളെയും കോടതി അഭിനന്ദിക്കുന്നുവെന്ന പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ചിലപ്പോള്‍ തീക്ഷ്ണതയോടെ നിങ്ങള്‍ ലക്ഷ്മണരേഖ മറികടക്കുന്നതായി ചൂണ്ടിക്കാട്ടി.

Also Read: കോവിഡ്-19: കേരളത്തില്‍ ദേശീയ നിരക്കിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച

കോടതി ഉത്തരവ് വിശദമായി പഠിച്ച ശേഷം പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഭൂഷണ്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. ഈ ഉത്തരവിന്റെ വ്യാപ്തി ഗുരുതരമായ ഭരണഘടനാപരമായ പ്രാധാന്യമുള്ളതിനാല്‍ പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംബന്ധിച്ചുള്ളതിനാല്‍ ഉചിതമായ നിയമപരിഹാരം തേടും. വിധി പുറപ്പെടുവിച്ച് തിയതി മുതലുള്ള 30 ദിവസത്തിനുള്ളില്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുമെന്നും ഭൂഷണ്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സൺ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ഫോട്ടോ പ്രശാന്ത് ഭൂഷണ്‍ ജൂണ്‍ 29 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വാദം കേൾക്കുന്നതിനിടെ, ജുഡീഷ്യറിയെക്കുറിച്ച് ജൂണ്‍ 27 ന് പ്രശാന്ത് ഭൂഷണ്‍ ചെയ്ത മറ്റൊരു ട്വീറ്റും ജസ്റ്റിസ് അരുൺ മിശ്ര തലവനായുള്ള മൂന്നംഗ ബഞ്ച് പരിഗണിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook