ന്യൂഡൽഹി: ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്ക് നാഗ്പൂരിൽ മറുപടി പറയുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ”എനിക്ക് പറയേണ്ടതെല്ലാം ഞാൻ നാഗ്പൂരിൽ പറയും. എനിക്ക് ഒരുപാട് കത്തുകളും ഫോൺ കോളുകളും അഭ്യർത്ഥനകളും കിട്ടി. ഒന്നിനോടും ഞാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല”, ബംഗാളി ദിനപത്രം ആനന്ദ്ബസാർ പത്രികയോട് പ്രണബ് മുഖർജി പറഞ്ഞു.
ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിൽ നടക്കുന്ന അവസാനവർഷ ക്യാംപ് ഓഫിസർ ട്രെയിനിങ് ക്യാംപിന്റെ (സംഘ ശിക്ഷ വർഗ്) സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് മുൻ രാഷ്ട്രപതിയെ ആർഎസ്എസ് ക്ഷണിച്ചത്. ഈ മാസം ഏഴിനാണ് പരിപാടി. ആർഎസ്എസിന്റെ ക്ഷണം പ്രണബ് മുഖർജി സ്വീകരിച്ചിരുന്നു. സമാപനസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസിന്റെ നാഗ്പൂര്‍ സമ്മേളനത്തിലേക്ക് ക്ഷണിച്ചതായും അദ്ദേഹം ക്ഷണം സ്വീകരിച്ചതായും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ നേതാവ് അരുണ്‍ കുമാറാണ് ആദ്യം അറിയിച്ചത്. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയത്.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനുളള തീരുമാനം പ്രണബ് മുഖർജി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പ്രണബ് മുഖർജിക്ക് കത്തയച്ചിരുന്നു. എന്നാൽ അദ്ദേഹം തന്റെ തീരുമാനത്തിൽനിന്നും പിന്നോട്ടു പോയില്ല. ഇത് കോൺഗ്രസിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.