scorecardresearch

പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെട്ടത് രണ്ടു തവണ; ഏഴ് തവണ പാർലമെന്റ് അംഗം: പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര

ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥനായിരുന്ന പ്രണബ് മുഖർജി ഇടക്കാലത്ത് കോൺഗ്രസ് വിട്ട് മറ്റൊരു രാഷ്ട്രീയ കക്ഷി രൂപീകരിക്കുകയും ചെയ്തിരുന്നു

Pranab Mukherjee, Pranab Mukherjee health, Pranab Mukherjee health condition, Pranab Mukherjee health update, Pranab Mukherjee covid, Pranab Mukherjee on ventilator, India news, Indian Express

ദീർഘകാലം നീണ്ട രാഷ്ട്രീയ ജീവിതത്തിന് ഉടമയാണ് അന്തരിച്ച ഇന്ത്യൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഏഴ് തവണ പാർലമെന്റ് അംഗമായ അദ്ദേഹം മൂന്നു പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്ര മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു. രണ്ടു തവണ അദ്ദേഹത്തിനന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടെങ്കിലും ആ പദവിയിലെത്താൻ അദ്ദേഹത്തിന് അവസരം ലഭിക്കാതെ പോവുകയായിരുന്നു.

84 കാരനായ മുഖർജി തിങ്കളാഴ്ച വൈകിട്ടോടെയാണ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം ആദ്യം ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, വെന്റിലേറ്റർ പിന്തുണയിലായിരുന്നു മുഖർജിയുടെ ചികിത്സ മുന്നേറിയിരുന്നത്

നീണ്ട രാഷ്ട്രീയ ജീവിതത്തിൽ മുഖർജി എംപിയായി ഏഴു തവണ സേവനമനുഷ്ഠിച്ചു. 2012 ൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നതിനുമുമ്പ് അദ്ദേഹം വിവിധ ഘട്ടങ്ങളിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ചീഫ് വിപ്പും വിവിധ മന്ത്രിസഭകളിലെ ഒരു പ്രധാന ചുമതലകൾ വഹിച്ച മന്ത്രിയുമായിരുന്നു.

1984 ൽ ഇന്ദിരാഗാന്ധി വധത്തിനു ശേഷവും 2004ൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വ്യക്തമാക്കിയ ശേഷവുമാണ് മുഖർജിയുടെ പേര് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടത്. എന്നാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്താതെ പോയി. പകരം പാർട്ടിയിലും സർക്കാരുകളിലും മറ്റു ചുമതലകൾ നിറവേറ്റി.

1986മുതൽ അദ്ദേഹം കുറച്ചു കാലത്തേക്ക് കോൺഗ്രസ് വിടുകയും പശ്ചിമ ബംഗാളിൽ സമാജ്‌വാദി കോൺഗ്രസ് (ആർ‌എസ്‌സി) എന്ന പാർട്ടി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തിനു ശേഷം മുഖർജി കോൺഗ്രസ്സിലേക്ക് തിരിച്ചുപോവുകയും ചെയ്യുകയായിരുന്നു.

1960കളുടെ അവസാനത്തോടെയാണ് മുഖർജി രാഷ്ട്രീയത്തിൽ സജീവമാവുന്നത്.  1969 ലെ മിഡ്‌നാപൂർ ഉപതിരഞ്ഞെടുപ്പിൽ വി കെ കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പ് ഏജന്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ മുഖർജിയെ ആദ്യമായി ശ്രദ്ധിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് റേ അദ്ദേഹത്തെ ശുപാർശ ചെയ്തു. പിന്നീട് 35 കാരനായ മുഖർജിക്ക് പാർട്ടി രാജ്യസഭാ സീറ്റ് നൽകി. താമസിയാതെ, ഇന്ദിരയുടെ അടുത്ത വ്യക്തി എന്ന നിലയിൽ മുഖർജി അറിയപ്പെടുകയും അവരുടെ സർക്കാരിൽ ഒരു മന്ത്രിയായിത്തീരുകയും ചെയ്തു.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥനായിരുന്നു പ്രണബ് മുഖർജിയെന്ന് അക്കാലത്തെ രാഷ്ട്രീയം അടുത്തറിയുന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു. “രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ പ്രണബ് ദാ വളരെ നല്ലവനാണ്. വാസ്തവത്തിൽ, ഇന്ദിരാജി പറയാറുണ്ടായിരുന്നു, ‘പ്രണബ് ദായ്ക്ക് എന്തെങ്കിലും രഹസ്യ വിവരങ്ങൾ നൽകുമ്പോഴെല്ലാം അത് ഒരിക്കലും വയറ്റിൽ നിന്ന് പുറത്തുവരില്ല. പുറത്തുവരുന്നത് അദ്ദേഹത്തിന്റെ പൈപ്പിൽ നിന്നുള്ള പുക മാത്രമാണ്’ എന്ന്,” മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ ദി ഇന്ത്യൻ എക്സ്പ്രസിൽ ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു.

അടിയന്തരാവസ്ഥയിലും കോൺഗ്രസിന്റെ പിളർപ്പിലും ഉടനീളം മുഖർജി ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ചുനിന്നു. ഇന്ദിരാ ഗാന്ധി വധത്തിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനയിൽ നിന്ന് മുഖർജി പുറത്താവുകയും ഇന്ദിരാ ഗാന്ധിയുടെ മകൻ രാജീവ് ഗാന്ധി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് കോൺഗ്രസിലെ അദ്ദേഹത്തിന്റെ കടുപ്പമേറിയ ഘട്ടം ആരംഭിച്ചത്. 1984 ഡിസംബറിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാൽ രാജീവ് മന്ത്രിസഭയിൽ മുഖർജി ഇടംപിടിക്കാതെ പോയി. അദ്ദേഹം കോൺഗ്രസ് വിട്ടത് ആ സമയത്തായിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം നരസിംഹറാവു പ്രധാനമന്ത്രിയായി. മുഖർജിയെ ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും പിന്നീട് 1995ൽ വിദേശകാര്യ മന്ത്രിയായും നിയമിച്ചു.

1997 ൽ സോണിയ ഗാന്ധി കോൺഗ്രസ് അംഗവും ഒരു വർഷത്തിനുശേഷം കോൺഗ്രസ് പാർട്ടി പ്രസിഡന്റുമായിരുന്നപ്പോൾ മുഖർജി അവർക്ക് ഉപദേശങ്ങൾ നൽകുന്നതിൽ മുഖർജി വലിയ പങ്കുവഹിച്ചു.

“ഡോ. മൻ‌മോഹൻ സിങ്ങിന്റെ മന്ത്രിസഭയിൽ, പ്രണബ്ദയാണ് യഥാർത്ഥത്തിൽ രണ്ടാം നമ്പർ. 95ലധികം മന്ത്രിതല സംഘങ്ങളുടെയും ഉന്നതാധികാര മന്ത്രിതല സംഘങ്ങളുടെയും ചെയർമാനായിരുന്നു പ്രണബ് ദി. ഇന്ദിരാജി, നരസിംഹറാവു, ഡോ മൻമോഹൻസിങ് എന്നിങ്ങനെ മൂന്ന് പ്രധാനമന്ത്രിമാർക്ക് കീഴിൽ അദ്ദേഹം മന്ത്രിയായി പ്രവർത്തിച്ചു. 1991നു മുൻപുള്ള ലൈസൻസ് രാജ് ഭരണത്തിലും 91ലെ പരിഷ്കരണങ്ങൾക്ക് ശേഷമുള്ള സർക്കാരിലും ബജറ്റ് അവതരിപ്പിച്ച ഒരേയൊരു ധനമന്ത്രായാണ് അദ്ദേഹം. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അദ്ദേഹം ധീരമായ തീരുമാനങ്ങളെടുത്തു, ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ സഹായിച്ചു,” പൃഥ്വിരാജ് ചവാൻ എഴുതി.

2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം മുഖർജി രാഷ്ട്രപതി സ്ഥാനത്ത് തുടർന്നു. 2018 ൽ രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തുപോയ ശേഷം മുഖർജി ഒരു ആർ‌എസ്‌എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകളും കോൺഗ്രസ് നേതാവും ആയ ശർമിസ്ത മുഖർജി അടക്കമുള്ളവർ ഈ നടപടിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.

ഈ വർഷം ജനുവരിയിൽ, പൗരത്വ നിയമ ഭേദഗതിക്കും നിർദ്ദിഷ്ട എൻ‌ആർ‌സിക്കുമെതിരെ ഇന്ത്യയിൽ വൻ പ്രതിഷേധം ഉയർന്നപ്പോൾ മുഖർജി പറഞ്ഞത് “ജനാധിപത്യം വളരുന്നത് കേൾക്കുന്നതിലൂടെയും വാദിക്കുന്നതിലൂടെയും വിയോജിപ്പുകളിലൂടെയും” ആണെന്നായിരുന്നു. മാത്രമല്ല സമാധാനപരമായ പ്രതിഷേധങ്ങളുടെ “ഇപ്പോഴത്തെ തരംഗം” ഇന്ത്യയുടെ ജനാധിപത്യ വേരുകളെ വീണ്ടും ആഴമേറിയതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pranab mukherjee death coronavirus congress history timeline